അമീര്‍ - ട്രംപ് കൂടിക്കാഴ്ച ചൊവ്വാഴ്ച വാഷിംഗ്‌ടണില്‍

ഈയുഗം ന്യൂസ് ബ്യൂറോ     July  06, 2019   Saturday   12:30:36pm

news
ദോഹ: അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിയും അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ്‌ ട്രംപും ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. മേഖലയിലെ സംഘര്‍ഷവും ഖത്തര്‍-അമേരിക്കന്‍ ബന്ധവും മറ്റു സുപ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

അമീറിന്‍റെ അമേരിക്കന്‍ സന്ദര്‍ശനം തിങ്കളാഴ്ച തുടങ്ങും. ഈ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് ഖത്തറിലെ അമേരിക്കന്‍ അംബാസിഡറുടെ ചുമതല വഹിക്കുന്ന വില്ല്യം ഗ്രാന്റ് നേരത്തെ പ്രസ്താവിച്ചിരുന്നു.

"അമേരിക്കന്‍-ഖത്തര്‍ ബന്ധം ചരിത്രപരമായ അതിന്‍റെ ഉന്നതിയിലാണ്. ഈ ബന്ധത്തില്‍ നിരവധി മഹത്തായ കാര്യങ്ങള്‍ ഇനിയും സംഭാവിക്കാനുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കഴിഞ്ഞ വര്ഷം ആറു ബില്ല്യന്‍ ഡോളര്‍ കവിഞ്ഞു. 120 ലധികം അമേരിക്കന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ്‌, റെയില്‍, തുറമുഖം, സ്റ്റേഡിയം, എയര്‍പോര്‍ട്ട് തുടങ്ങിയ സുപ്രധാന മേഖലകളില്‍ എല്ലാം അമേരിക്കന്‍ കമ്പനികളുടെ സാന്നിധ്യമുണ്ട്," വില്ല്യം ഗ്രാന്റ് പറഞ്ഞു. എജുക്കേഷന്‍ സിറ്റിയിലെ ഭൂരിപക്ഷം യൂനിവേര്‍സിറ്റികളും അമേരിക്കന്‍ യൂണിവേര്‍‌സിറ്റികളാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അമീര്‍ വൈറ്റ് ഹൌസ് സന്ദര്‍ശിച്ചിരുന്നു.

അതേസമയം ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ക്ക് സാധ്യതയില്ല. ഉപരോധത്തിന്റെ തുടക്കത്തില്‍ സൗദിയെയും യൂ.എ.ഇയെയും പിന്തുണക്കുന്ന നിലപാട് സ്വീകരിച്ച ട്രംപ് പിന്നീട് പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തിയെങ്കിലും സൗദിയുടെയും യൂ.എ.ഇയുടെയും നിസ്സഹകരണം മൂലം അവ പരാജയപ്പെടുകയായിരുന്നു.


Sort by