ഖത്തറിലെ ആദ്യത്തെ ഫ്രീ സോണ്‍ സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങും

ഈയുഗം ന്യൂസ് ബ്യൂറോ     July  03, 2019   Wednesday   02:41:56pm

news

ഫ്രീ സോണ്‍ അതോറിറ്റിയുടെ ഹെഡ്കോര്‍ട്ടേസ് ആയ ഒയാസിസ്‌ ബില്‍ഡിംഗ്‌.
ദോഹ: ഖത്തറിലെ ആദ്യത്തെ ട്രേഡ് ഫ്രീ സോണ്‍ ആയ റാസ്‌ ബുഫോണ്ടാസിന്‍റെ നിര്‍മാണം പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നും ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി ചെയര്‍മാനും സഹമന്ത്രിയുമായ അഹമദ് അല്‍ സയെദ് പറഞ്ഞു.

"ഫ്രീ സോണില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കമ്പനികളെയും നിക്ഷേപകരെയും സഹായിക്കാന്‍ ഒരു ഉന്നതതല സംഘം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. നിരവധി ആനുകൂല്യങ്ങളാണ് ഇവിടെ നിക്ഷേപകരെ കാത്തിരിക്കുന്നത്," അല്‍ സയെദ് പറഞ്ഞു.

റാസ്‌ ബുഫോണ്ടാസിലെ പ്രധാന ആകര്‍ഷണമായ 110 മില്ല്യന്‍ ഡോളര്‍ ചിലവില്‍ നിര്‍മിച്ച ഒയാസിസ്‌ ബില്‍ഡിംഗിന്‍റെ നിര്‍മാണവും പൂര്‍ത്തിയായി. ഫ്രീ സോണ്‍ അതോറിറ്റിയുടെ ഹെഡ്കോര്‍ട്ടേസ് ആണ് ഒയാസിസ്‌ ബില്‍ഡിംഗ്‌.

സിങ്കപ്പൂര്‍, ബ്രിട്ടന്‍, അമേരിക്ക, ചൈന, സൌത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നിരവധി അന്താരാഷ്ട്ര കമ്പനികള്‍ റാസ്‌ ബുഫോണ്ടാസില്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളെ ആകര്‍ഷിക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയതായി അല്‍ സയെദ് പറഞ്ഞു.

ദുബായിലെ ജബല്‍ അലി ഫ്രീ സോണിനോടായിരിക്കുമോ റാസ്‌ ബുഫോണ്ടാസ് മത്സരിക്കുക എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കി: "ബിസിനസ്സില്‍ മത്സരം എപ്പോഴും നല്ലതാണ്. മറ്റു ഫ്രീ സോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന് നിരവധി നേട്ടങ്ങളുണ്ട്. -- കുറഞ്ഞ വൈദ്യുതി നിരക്ക്, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, പ്രകൃതിവാതകം എന്നിവ അതില്‍ ചിലതാണ്."


Sort by