അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് വീണ്ടും ഇറാന്‍

ഈയുഗം ന്യൂസ് ബ്യൂറോ     June  22, 2019   Saturday   05:42:51pm

news
ദോഹ: തങ്ങള്‍ക്കെതിരെയുള്ള ഏതു ഭീഷണിയും നേരിടാന്‍ തയ്യാറാണെന്നും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍.

ഒരു യുദ്ധമുണ്ടായാല്‍ ഇറാനെ തുടച്ചുനീക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ്‌ ട്രംപിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാന്‍.

"ഞങ്ങളുടെ അതിര്‍ത്തി ലംഘിച്ചാല്‍ അത് ഒരിക്കലും സഹിക്കില്ല. അമേരിക്കയില്‍ നിന്നുള്ള ഏതു ഭീഷണിയും അക്രമണവും നേരിടാന്‍ ഇറാന്‍ തയ്യാറാണ്," വിദേശകാര്യ വക്താവ് അബ്ബാസ്‌ മൂസാവി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വീഴ്ത്തിയതിനു ശേഷം മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി തന്നെ ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തയ്യാറെടുത്തിരുന്നുവെങ്കിലും ആക്രമണം നടത്തുന്നതിന്‍റെ പത്തു മിനുറ്റ് മുമ്പ് ട്രംമ്പ് തീരുമാനം മാറ്റിയത് മൂലം ഒരു വലിയ ദുരന്തത്തില്‍ നിന്ന് തലനാരിഴക്കാണ് മേഖല രക്ഷപ്പെട്ടത്. ആക്രമണം നടത്തിയാല്‍ 150 പേര്‍ മരിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ തീരുമാനം മാറ്റിയത് എന്ന് ട്രംമ്പ് വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നു.

"എത്ര പേര്‍ മരിക്കുമെന്ന് ഞാന്‍ ചോദിച്ചു. 150 എന്ന് ജനറല്‍ ഉത്തരം നല്‍കി. പൈലറ്റ് ഇല്ലാത്ത ഒരു ചാര വിമാനത്തെ വെടിവെച്ചിട്ടതിനു ഇത്രയും ജീവന്‍ നല്‍കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു," ട്രംമ്പ് ട്വീറ്റ് ചെയ്തു.

സംഘര്‍ഷം മൂലം ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറക്കരുതെന്നു അമേരിക്ക വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധി അമേരിക്കന്‍, യൂറോപ്പിയന്‍, ഗള്‍ഫ്‌, ഏഷ്യന്‍ വിമാന കമ്പനികള്‍ ഇതിന്‍റെ ഫലമായി ഫ്ലൈറ്റ് റൂട്ടുകള്‍ മാറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

അതേസമയം വെടിവെച്ചു വീഴ്ത്തിയ ഡ്രോണ്‍ ഇറാന്‍റെ ആകാശ അതിര്‍ത്തി ലംഘിച്ചില്ലെന്ന അമേരിക്കന്‍ വാദത്തെ ഇറാന്‍ തള്ളി. വ്യക്തമായ തെളിവുകള്‍ അമേരിക്കക്ക് കൈമാറിയതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. വെടിവെച്ചു വീഴ്തുന്നതിനു മുമ്പ് രണ്ടു പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇറാന്‍ അറിയിച്ചു.


   👍👍

Sort by