സൗദി അറേബ്യ മേഖലയെ അസ്ഥിരപ്പെടുത്തുന്നു: വിദേശകാര്യ മന്ത്രി

ഈയുഗം ന്യൂസ് ബ്യൂറോ     June  10, 2019   Monday   07:39:56pm

news
ദോഹ: മിഡില്‍ ഈസ്റ്റ്‌-ആഫ്രിക്കന്‍ മേഖലയില്‍ സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ് സൗദി അറേബ്യയെന്നും ഭീഷണിയും സാമ്പത്തിക സമ്മര്‍ദ്ദവും ഉപയോഗിച്ച് അവരുടെ ശൈലിയിലുള്ള ഏകാധിപത്യം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു.

ലണ്ടനില്‍ പത്രപ്രവര്‍ത്തകരുമായുള്ള ഒരു അഭിമുഖത്തിലാണ് സൗദിക്കും യൂ.എ.ഇ ക്കുമെതിരെ ഖത്തര്‍ വിദേശകാര്യ മന്ത്രി ആഞ്ഞടിച്ചത്. രണ്ടു വര്‍ഷം പിന്നിട്ട ഗള്‍ഫ്‌ പ്രതിസന്ധി മേഖലയിലെ മറ്റു രാജ്യങ്ങളെ ബാധിക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു എന്ന ശക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ഖത്തറിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച് അനുകൂല ഭരണം സ്ഥാപിക്കാനും ഖത്തറിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളെ ദുര്‍ബലപ്പെടുത്തി ശിക്ഷിക്കാനുമാണ് സൗദി-യൂ.എ.ഇ കൂട്ടുകെട്ട് ശ്രമിക്കുന്നത്. സോമാലിയ, ലിബിയ, സുഡാന്‍ എന്നിവ ഉദാഹരണങ്ങളാണ്.

“ഞങ്ങളെ പൈശാചികമായി ചിത്രീകരിക്കാന്‍ അവര്‍ നിരവധി ശ്രമങ്ങള്‍ നടത്തി. സൗദിയുടെയും യൂ.എ.ഇയുടെയും സഹായം ആവശ്യമുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഖത്തറിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയ അസ്ഥിരതയാണ് ഇത് സൃഷ്ടിച്ചത്. കാരണം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് എപ്പോഴും സഹായം ആവശ്യമുള്ളത്," അദ്ദേഹം പറഞ്ഞു.

"ഏകാധിപത്യം പിന്തുടരാത്ത എല്ലാവരെയും അവര്‍ ഭീകരവാദികളാക്കുന്നു. അവരുമായി യോജിക്കാത്തവരെല്ലാം ഭീകരവാദികളാണ്. ഖത്തറുമായി ബന്ധം മുറിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സോമാലിയയിലെ ഗവണ്മെന്റിനെ അവര്‍ ഭീഷണിപ്പെടുത്തി," ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ്‌ ട്രംപുമായി ഖത്തര്‍ അമീര്‍ അടുത്ത മാസം നടത്താനിരിക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഉപരോധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രശ്നപരിഹാരത്തിനുള്ള സാധ്യത ഇപ്പോഴും വിദൂരമാണ് എന്നതാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.


   സത്യം

   great

Sort by