ഉപരോധത്തിനെതിരെ നേടിയ വിജയം വിദ്യാഭ്യാസത്തിന്‍റെ വിജയമെന്ന് ഷെയ്ഖ ഹിന്ദ്‌

ഈയുഗം ന്യൂസ് ബ്യൂറോ     June  09, 2019   Sunday   12:51:06pm

news
ദോഹ: അന്യായമായ ഉപരോധത്തിനെതിരെ ഖത്തര്‍ നേടിയ വിജയം വിദ്യാഭ്യാസ മേഖലയില്‍ രാജ്യം നടത്തിയ മുന്നേറ്റത്തിന്റെ വിജയമാണെന്ന് ഷെയ്ഖ ഹിന്ദ്‌ ബിന്‍ത് ഹമദ് അല്‍ താനി അഭിപ്രായപ്പെട്ടു.

"അവര്‍ ഖത്തറിനെ ഒരു ദ്വീപാക്കാന്‍ ശ്രമിച്ചു. പക്ഷെ നമ്മള്‍ വിദ്യാഭ്യാസം കൊണ്ട് പാലങ്ങള്‍ നിര്‍മ്മിച്ചു" എന്ന തലക്കെട്ടില്‍ ഖത്തര്‍ ഫൌണ്ടേഷന്‍ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ഖത്തര്‍ ഫൌണ്ടേഷന്‍ വൈസ് ചെയര്‍പെര്‍സണും സി.ഇ.ഓ യുമായ ഷെയ്ഖ ഹിന്ദ്‌ ഈ അഭിപ്രായ പ്രകടനം നടത്തിയത്.

തന്‍റെ മാതാവ് ഷെയ്ഖ മൌസ്സ 25 വര്‍ഷം മുമ്പ് സ്ഥാപിച്ച ഖത്തര്‍ ഫൌണ്ടേഷന്‍ രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയ വിപ്ലവകരമായ പുരോഗതിയാണ് ഉപരോധം സൃഷ്ടിച്ച വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കിയതെന്നും ഷെയ്ഖ ഹിന്ദ്‌ പറഞ്ഞു.

"എന്തിനാണ് വിദ്യാഭ്യാസത്തിനു ഇത്ര മുന്‍ഗണന നല്‍കിയതെന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി നാം ചിന്തിക്കുന്നു. യുവാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു എന്ന് മാത്രമല്ല മേഖലക്കും ലോകത്തിനും ഒരു ശക്തമായ സന്ദേശം നല്‍കാന്‍ വിദ്യാഭ്യാസത്തിലൂടെ നമുക്ക് സാധിച്ചു. നമ്മള്‍ പരീക്ഷിക്കപ്പെട്ടു. പരീക്ഷണത്തെ നമ്മള്‍ അതിജീവിച്ചു. പക്ഷേ നമ്മള്‍ അറിയാതെ കഴിഞ്ഞ 25 വര്‍ഷമായി ഇതിനു തയ്യാറെടുക്കുകയായിരുന്നു," ഖത്തര്‍ ഫൌണ്ടേഷന്‍റെ ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഷെയ്ഖ ഹിന്ദ്‌ എഴുതി.

ഉപരോധ ശേഷം ഖത്തര്‍ ഫൌണ്ടേഷനിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതിനു പകരം വര്‍ദ്ധിക്കുകയാണുണ്ടായതെന്നും ഉപരോധ ശേഷം രണ്ടു സ്ഥാപനങ്ങള്‍ -- ഖത്തര്‍ നാഷണല്‍ ലൈബ്രറിയും സിദ്ര മെഡിസിനും -- പുതുതായി തുറന്നെന്നും ഷെയ്ഖ ഹിന്ദ്‌ പറഞ്ഞു.

"കഴിഞ്ഞ ബുധനാഴ്ച ഉപരോധം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി. അന്ന് (ഉപരോധം പ്രഖ്യാപിച്ചപ്പോള്‍) ഞെട്ടലും ആശങ്കയുമായിരുന്നു. മക്കള്‍ക്ക്‌ പാല് ലഭിക്കുമോ എന്ന് അമ്മമാര്‍ ആശങ്കപ്പെട്ടു. അതിര്‍ത്തി വഴി വന്നിരുന്ന മരുന്നുകള്‍ നിലച്ചതിനാല്‍ രോഗികള്‍ നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടു. തലേദിവസം വരെ ഭൂപടത്തില്‍ മാത്രം നാം കണ്ടിരുന്ന അതിര്‍ത്തികള്‍ പെട്ടെന്ന് നമ്മുടെ കുടുംബങ്ങളെ വിഭജിച്ചു. ഖത്തറില്‍ പഠിച്ചിരുന്ന വിദേശ വിദ്യാര്‍ഥികള്‍ അവരുടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടു. ഖത്തര്‍ വിദ്യാര്‍ഥികളോട് രാജ്യം വിടാന്‍ ഉപരോധ രാജ്യങ്ങള്‍ ആജ്ഞാപിച്ചു. പക്ഷെ 24 മാസങ്ങള്‍ക്ക് ശേഷം എല്ലാം അതിജീവിക്കുക മാത്രമല്ല നമ്മള്‍ ദശകങ്ങള്‍ക്ക് മുമ്പ് എടുത്തിരുന്ന തീരുമാനങ്ങള്‍ ശരിയാണെന്ന് ലോകത്തിനു മുമ്പില്‍ തെളിയിക്കുകയും ചെയ്തു," ഷെയ്ഖ ഹിന്ദ്‌ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ ലേഖനം നിരവധി പേരാണ് ഷെയര്‍ ചെയ്തത്.


Sort by