// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  06, 2019   Thursday   08:07:31pm

news



whatsapp

ദോഹ: ഖത്തര്‍ ജനതയെ മുഴുവന്‍ ഭീതിയിലാഴ്ത്തി അയല്‍രാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച ഉപരോധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുവെന്നും ഏതു വെല്ലുവിളികളെയും നേരിടാന്‍ സജ്ജമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങളും വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു. 2017 ജൂണ്‍ 5 നാണ് നാണ് സൗദി അറേബ്യയും യൂ,എ.ഇ യും ബഹ്‌റൈനും ഈജിപ്റ്റും ചേര്‍ന്ന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഭീകരവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നു എന്നതായിരുന്നു അവര്‍ നല്‍കിയ പരിഹാസ്യമായ വിശദീകരണം.

അന്യായമായ ഉപരോധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഖത്തര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും പുരോഗതിയുടെയം കഥ ലോക മാധ്യമങ്ങള്‍ പുകഴ്ത്തി. അമേരിക്കയിലെ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ ഖത്തറിനെക്കുറിച്ച് പ്രത്യേക സപ്പ്ളിമെന്റ്റ് പുറത്തിറക്കി. "ഖത്തര്‍: അമേരിക്കയുടെ ഈ സഖ്യരാഷ്ട്രത്തെ വ്യത്യസ്തമാക്കുന്നതെന്ത്' എന്നായിരുന്നു സപ്പ്ളിമെന്റിന്റെ തലക്കെട്ട്‌.

"ഉപരോധം മറികടക്കാന്‍ ആയിരക്കണക്കിനു പശുക്കളെ വിമാനത്തില്‍ കൊണ്ടുവന്ന ഖത്തര്‍ രണ്ടു വര്‍ഷത്തിന് ശേഷം പാല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു" അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടെര്‍സ് എഴുതി. ഖത്തറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായിട്ടാണ്‌ ബാലദ്ന ഇപ്പോള്‍ ലോകത്ത് അറിയപ്പെടുന്നത്.

"ഉപരോധത്തിന് മുമ്പ് രാജ്യത്ത് ഇല്ലാതിരുന്ന ഒരു വ്യവസായം (പാല്‍ ഉത്പാദനം) ഇപ്പോള്‍ തഴച്ചു വളര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് ഒരു മുതല്‍കൂട്ടായിരിക്കുന്നു," വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ പറഞ്ഞു.

അതേസമയം ഉപരോധം സമീപഭാവിയില്‍ പരിഹരിക്കപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്നു അല്‍ ജസീറ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഒരു വിദഗ്ദന്‍ അഭിപ്രായപ്പെട്ടു.

"പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ ഇരു വിഭാഗവും കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ഇതിന് കാരണം. ഉപരോധവുമായി മുന്നോട്ട് പോവുക എന്നതാണ് കൂടുതല്‍ അഭികാമ്യം. ഉപരോധ രാജ്യങ്ങളുടെ ആവശ്യം ഖത്തര്‍ പരിഗണിച്ചാല്‍ അത് രാജ്യത്തിന്‍റെ പരമാധികാരത്തെ പണയപ്പെടുത്തലിന് തുല്യമാകും. അതേസമയം ഖത്തര്‍ ഒരാവശ്യവും പരിഗണിക്കാതെ ഉപരോധം പിന്‍വലിച്ചാല്‍ ഉപരോധ രാജ്യങ്ങള്‍ക്ക് അത് അപമാനകരമാകും," ഗള്‍ഫ് വിദഗ്ധന്‍ ജോര്‍ജിയോ കഫീരോ പറഞ്ഞു.

"ഉപരോധം അതിജീവിക്കുക മാത്രമല്ല അതൊരു നേട്ടമായി മാറ്റാനും ഖത്തറിന് കഴിഞ്ഞു," അദ്ദേഹം പറഞ്ഞു.

"ഉപരോധ രാജ്യങ്ങള്‍ അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാതിര്‍ പറഞ്ഞു. "ഇനി ഉപരോധം പിന്‍വലിച്ചാല്‍ തന്നെയും ഭാവിയില്‍ അയല്‍രാജ്യങ്ങളെ ആശ്രയിക്കാതെ മുന്നോട്ട്പോകാനുള്ള ശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നത്," അല്‍ ഖാതിര്‍ പറഞ്ഞു.

Comments


Page 1 of 0