ഖത്തറുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ഇറാന്‍

ഈയുഗം ന്യൂസ് ബ്യൂറോ     June  06, 2019   Thursday   06:50:15pm

news
ദോഹ: ഖത്തറുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ഇറാന്‍.

പെരുന്നാള്‍ ആശംസകള്‍ കൈമാറാന്‍ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ പ്രസിഡന്റ്‌ ഹസ്സന്‍ റൂഹാനി ഖത്തര്‍-ഇറാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്‌.

ഇറാനുമായുള്ള ബന്ധം എല്ലാ മേഖലകളിലും വിപുലീകരിക്കാന്‍ ഖത്തറിന് താല്‍പര്യമുണ്ടെന്ന് അമീര്‍ അഭിപ്രായപ്പെട്ടു.

"മേഖലയിലെ പല വിഷയങ്ങളിലും ഖത്തറിനും ഇറാനും ഏകദേശം ഒരേ അഭിപ്രായമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ക്രിയാത്മകമാണ്," അമീര്‍ പറഞ്ഞതായി ഇറാന്‍ പ്രസിഡന്റിന്‍റെ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു.

സൗദിയും യൂ.എ.ഇ യും പിന്തുടരുന്ന നയങ്ങള്‍ മേഖലക്ക് മുഴുവന്‍ ദോഷകരമാണെന്ന് ഹസ്സന്‍ രൂഹാനി പറഞ്ഞു. മക്കയില്‍ കഴിഞ്ഞയാഴ്ച നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഇറാനെതിരെ പുറപ്പെടുവിച്ച പ്രസ്താവന തങ്ങളുമായി ആലോചിക്കാതെയാണ് തയ്യാറാക്കിയതെന്നു ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.


Sort by