ജി.സി.സി അടിയന്തിര ഉച്ചകോടി പ്രസ്താവന നിരസിക്കുന്നതായി ഖത്തര്‍

ഈയുഗം ന്യൂസ് ബ്യൂറോ     June  03, 2019   Monday   01:56:11pm

news
ദോഹ: ഇറാന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മക്കയില്‍ കഴിഞ്ഞയാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തിര ജി.സി.സി ഉച്ചകോടി പുറപ്പെടുവിച്ച പ്രസ്താവന നിരസിക്കുന്നതായി ഖത്തര്‍.

പ്രസ്താവന മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും അത് തയ്യാറാക്കുന്നതിന് മുമ്പ് തങ്ങളുമായി ചര്‍ച്ച ചെയ്തില്ലെന്നും ഏകപക്ഷീയമാണെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി മാധ്യമങ്ങളോട് പറഞ്ഞു.

"പ്രസ്താവനയില്‍ ഇറാനെ അപലപിച്ചു. പക്ഷെ ഇറാനുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചോ പ്രായോഗികമായ നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ചോ അത് പ്രതിപാദിക്കുന്നില്ല," വിദേശകാര്യ മന്ത്രി പറഞ്ഞു. മാത്രമല്ല പ്രസ്താവനയില്‍ ഉപയോഗിച്ച ചില പദങ്ങള്‍ ഖത്തറിന്റെ വിദേശനയത്തിന് വിരുദ്ധമാണ്.

മേഖലയുടെ താല്പര്യങ്ങള്‍ പരിഗണിക്കുന്നതിന് പകരം അമേരിക്കയുടെ താല്പര്യങ്ങള്‍ പരിഗണിക്കാനാണ് ഉച്ചകോടി ശ്രമിച്ചതെന്നും വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.

"ഗള്‍ഫ്‌ രാജ്യങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിലര്‍ സംസാരിച്ചു. ഖത്തറിനെതിരായ ഉപരോധം തുടരുമ്പോള്‍ എവിടെനിന്നാണ് ഈ ഐക്യം സാധ്യമാവുക," ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി ചോദിച്ചു.

ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫയാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഇറാന്‍ വിഷയത്തില്‍ മേഖലയിലെയും അറബ് രാജ്യങ്ങളുടെയും സഹകരണം ഉറപ്പുവരുത്താന്‍ സൗദി നേതൃത്വത്തില്‍ വിളിച്ച അറബ്, ജി.സി.സി ഉച്ചകോടികള്‍ പരാജയമായിരുന്നു എന്നാണു വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.


  

   i love Qatar

   good deseshan qatar

Sort by