മേഖലയിലെ അക്രമണങ്ങള്‍ക്ക് പിന്നില്‍ യു.എസ്സും ചില ഗള്‍ഫ് ശക്തികളും: ഇറാന്‍

ഈയുഗം ന്യൂസ് ബ്യൂറോ     May  14, 2019   Tuesday   11:20:19pm

news
ദോഹ: മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ അമേരിക്കയിലെയും ഗള്‍ഫ്‌ മേഖലയിലെയും തീവ്രനിലപാടുകാരായ ശക്തികള്‍ കരുതിക്കൂട്ടി ആക്രമണം അഴിച്ചുവിടുകയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച സൗദിയിലെ ആരാംകോ പൈപ്പ്ലൈനിനെതിരെ യമെനിലെ ഹൂതികള്‍ നടത്തിയ അക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇറാന്‍.

ട്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും യാന്‍ബു തുറമുഖത്തിലേക്ക് എണ്ണ കൊണ്ടുപോകുന്ന ഒരു പൈപ്പ്ലൈനിന് കേടുപാടുകള്‍ സംഭവിച്ചു. ചെറിയ തീപിടുത്തം ഉണ്ടായെങ്കിലും ഒരു വലിയ ദുരന്തം ഒഴിവാക്കിക്കൊണ്ട് തീ അണച്ചു. പക്ഷേ പൈപ്പ്ലൈനിന്‍റെ പ്രവര്‍ത്തനം ആരാംകോ നിര്‍ത്തിവെച്ചു. ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര മാര്‍കെറ്റില്‍ എണ്ണ വില വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഞായറാഴ്ച ഫുജൈറയിലെ തുറമുഖത്തിനടുത്ത് നാല് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി യൂ.എ.ഇ അവകാശപ്പെട്ടിരുന്നു.

"അമേരിക്കന്‍ ഭരണകൂടത്തിലെയും ഗള്‍ഫ്‌ മേഖലയിലെയും തീവ്രനിലപാടുകാര്‍ ചില നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചു ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു," ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ്‌ സരിഫ് പറഞ്ഞു. "മേഖലയില്‍ നടക്കുന്ന സംശയകരമായ പ്രവൃത്തികളെക്കുറിച്ചും അട്ടിമറി ശ്രമങ്ങളെക്കുറിച്ചും ഞങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്," അദ്ദേഹം പറഞ്ഞു.

"ഫുജൈറയില്‍ സ്ഫോടനം നടന്നതായുള്ള വാര്‍ത്തയില്‍ നിരവധി കാര്യങ്ങള്‍ അവ്യക്തമാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പദ്ധതികള്‍ പരാജയപ്പെടും," ഒരു ഇറാന്‍ എം.പി പറഞ്ഞു.

സംഘര്‍ഷം കൂടിവരുന്നുണ്ടെങ്കിലും ഒരു യുദ്ധമുണ്ടാവില്ലെന്നു ആയതുള്ള അലി ഖൊമേനി പറഞ്ഞു. "ഇറാന്‍ പ്രതിരോധത്തിന്‍റെ വഴിയാണ് സ്വീകരിക്കുന്നത്. ഞങ്ങളും അവരും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം അവരുടെ താല്പര്യങ്ങള്‍ക്ക് നല്ലതല്ല എന്ന് അവര്‍ക്കറിയാം," ഖൊമേനി പറഞ്ഞു.


Sort by