ഇറാന്‍ സംഘര്‍ഷം: സൈനിക നടപടിക്കു സാധ്യതയില്ലെന്ന് ഷെയ്ഖ്‌ ഹമദ് ബിന്‍ ജാസിം

ഈയുഗം ന്യൂസ് ബ്യൂറോ     May  13, 2019   Monday   03:46:48pm

news
ദോഹ: ഇറാനും അമേരിക്കയും തമ്മില്‍ മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോരും ഒരു യുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യതയില്ലെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി.

പാട്രിയോട്ട് മിസൈലുകളും യുദ്ധക്കപ്പലുകളും അമേരിക്ക ഗള്‍ഫ്‌ മേഖലയിലേക്ക് അയക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ താനി ട്വിറ്റെരിലൂടെ അഭിപ്രായപ്രകടനം നടത്തിയത്.

"ചില ഗള്‍ഫ്‌ രാജ്യങ്ങളുടെ സഹായത്തോടെ മേഖലയില്‍ ഇപ്പോള്‍ രൂപപ്പെട്ട സംഘര്‍ഷം ഒരു വിപുലമായ സൈനിക നടപടിയില്‍ കലാശിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇറാനുമായി അമേരിക്ക ഒപ്പിട്ട ആണവ കരാര്‍ പുനപരിശോധിക്കാന്‍ ഇറാന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം," ഷെയ്ഖ്‌ ഹമദ് ബിന്‍ ജാസിം പറഞ്ഞു.

ഗള്‍ഫ്‌ മേഖലയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ശക്തികളെക്കുറിച്ച് മേഖലയിലെ നേതാക്കള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ജി.സി.സി യെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്. ഇറാന്‍റെ പരാജയം കാത്തിരിക്കുകയാണ് ചില ഗള്‍ഫ്‌ രാജ്യങ്ങള്‍. ഇതേ രാജ്യങ്ങളാണ് അമേരിക്ക ഇറാനുമായി ആണവ കരാറില്‍ ഒപ്പുവെച്ചപ്പോള്‍ പിന്തുണച്ചതും," അദ്ദേഹം പറഞ്ഞു.

"പലപ്പോഴും പറഞ്ഞ പോലെ, ഇറാനുമായി എല്ലാ കാര്യങ്ങളിലും ഞാന്‍ യോജിക്കുന്നില്ല, അതുപോലെ പാശ്ചാത്യന്‍ രാജ്യങ്ങളുമായും. പക്ഷേ ഗള്‍ഫ്‌ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ മേഖലയുടെ താല്പര്യങ്ങള്‍ക്കാണ് മുന്ഗണന നല്‍കേണ്ടത്."

സിറിയയില്‍ ബഷര്‍ അല്‍ അസാദ് അധികാരം നിലനിര്‍ത്തിയതും അവിടെ ഇറാന്‍റെ സ്വാധീനം വര്‍ധിച്ചതും ഇറാനെതിരെ തിരിയാന്‍ അമേരിക്കയെ പ്രേരിപ്പിചിട്ടുണ്ടാകാമെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.


Sort by