ഖത്തറില്‍ ജനസംഖ്യയുടെ 12 % പേരും അവയവദാനം ചെയ്യാന്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു

ഈയുഗം ന്യൂസ് ബ്യൂറോ     May  12, 2019   Sunday   09:55:15pm

news
ദോഹ: ഖത്തറിലെ ജനസംഖ്യയുടെ 12 ശതമാനത്തിലധികം പേരും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തവരാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലെ ഹിബ (Hiba) എന്ന പേരിലറിയപ്പെടുന്ന ഖത്തര്‍ ഓര്‍ഗന്‍ ഡോണേഷന്‍ സെന്റര് അറിയിച്ചു. ഈ വര്‍ഷത്തെ അവയവ ദാന ക്യാമ്പയ്ന്‍ രാജ്യത്തെ മാളുകളിലും മറ്റു കേന്ദ്രങ്ങളിലും ഈ ആഴ്ച ആരംഭിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ എച്ച്.എം.സി അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

"ഇപ്പോള്‍ 345,000 പേര്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്ഷം അവസാനമാകുമ്പോഴേക്കും ഇത് നാല് ലക്ഷമായി ഉയര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം," ഹിബ അധികൃതര്‍ പറഞ്ഞു.

ക്യാമ്പയ്നിന്‍റെ ഭാഗമായി മാളുകളില്‍ ഇന്‍ഫോര്‍മേഷന്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ എല്ലാ വിവരങ്ങളും നല്‍കുന്നു. "പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒരാള്‍ അവയവങ്ങള്‍ ദാനം ചെയ്താല്‍ എട്ട് ജീവന്‍ വരെ രക്ഷിക്കാന്‍ സാധിക്കും," ഹിബ ഡയറക്ടര്‍ ഡോ: റിയാദ് ഫാദില്‍ പറഞ്ഞു. "ജീവിച്ചിരിക്കുമ്പോഴും വൃക്ക, കരള്‍ എന്നിവ ദാനം ചെയ്യാം. ദാനം ചെയ്യുന്നവരെ നിയമപ്രകാരം ഞങ്ങള്‍ സംരക്ഷിക്കും. അവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും മറ്റു ആനുകൂല്യങ്ങളും നല്‍കും," അദ്ദേഹം പറഞ്ഞു.

അഞ്ഞൂറിലധികം എച്ച്.എം.സി ജീവനക്കാര്‍ ക്യാമ്പയ്ന്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Sort by