ദോഹ മെട്രോ: ഓരോ ആറു മിനുട്ടിലും ഒരു ട്രെയിന്‍

ഈയുഗം ന്യൂസ് ബ്യൂറോ     May  08, 2019   Wednesday   10:08:47pm

news
ദോഹ: ബുധനാഴ്ച തുടങ്ങിയ മെട്രോ സര്‍വീസില്‍ ഓരോ ആറു മിനുട്ടിലും ഒരു ട്രെയിന്‍ ഉണ്ടായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഒരു സ്റ്റേഷനില്‍ നിന്നും അടുത്ത സ്റ്റേഷനിലേക്കുള്ള യാത്രാസമയം ഏകദേശം മൂന്ന് മിനുട്ട് ആയിരിക്കും.

അതേസമയം വാരാന്ത്യ ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ സ്റ്റേഷനുകളും ലൈനുകളും തുറക്കേണ്ടത് കൊണ്ട് ഇതിനായുള്ള ജോലികള്‍ക്കായാണ് വാരാന്ത്യ ദിവസങ്ങളില്‍ സര്‍വീസ് നിര്‍ത്തുന്നത്.

ആയിരക്കണക്കിന് ആളുകള്‍ ഉത്ഘാടന ദിവസം തന്നെ മെട്രോയില്‍ യാത്ര ചെയ്ത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷം പങ്കുവെച്ചു. പടമെടുത്തും വീഡിയോ എടുത്തും അവര്‍ ആഘോഷിച്ചു. എല്ലാവര്‍ക്കും ഒരേ അഭിപ്രായം: "അത്യാധുനിക സൌകര്യങ്ങള്‍. സൂപ്പര്‍ സര്‍വീസ്." ഓഫീസിലേക്കുള്ള യാത്ര എളുപ്പമായതിന്റെ സന്തോഷത്തിലായിരുന്നു പലരും. "ഗതാഗത കുരുക്കകളോട് വിട. എന്‍റെ ജീവിതം ധന്യമായി," വെസ്റ്റ് ബേയിലെ ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഈയുഗത്തോട് പറഞ്ഞു. "തുമാമയില്‍ താമസിക്കുന്ന എനിക്ക് ഓഫീസില്‍ എത്താന്‍ കാറില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വേണം. ഇപ്പോള്‍ ഏതാനും മിനുട്ടുകള്‍ മതി. ഡി.ഇ.സി.സി സ്റ്റേഷനില്‍ നിന്നും എന്‍റെ ഓഫീസിലേക്ക് നടക്കാവുന്ന ദൂരം മാത്രം," അദ്ദേഹം പറഞ്ഞു.

പുതുതായി തുടങ്ങിയ സര്‍വീസ് ദോഹയുടെ ഹൃദയഭാഗത്തിലൂടെ കടന്നുപോകുന്നത് കൊണ്ട് യാത്ര എല്ലാവര്‍ക്കും ഇനി സുഖകരം. ലോകത്തിലെതന്നെ ഏറ്റവും വേഗത കൂടിയ മെട്രോകളില്‍ ഒന്നാണ് ദോഹ മെട്രോ. മേഖലയില്‍ ഏറ്റവും വേഗത കൂടിയതും. ഒരു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാണ് വേഗത.

മൂന്ന് കമ്പാര്‍ട്ട്മെണ്ടുകളാണുള്ളത് - ഒന്നില്‍ ഗോള്‍ഡും ഫാമിലി ക്ലാസ്സും രണ്ടെണ്ണം സ്റ്റാന്‍ഡേര്‍ഡ് ക്ലാസും. ഗോള്‍ഡില്‍ 16 സീറ്റുകളും ഫാമിലിയില്‍ 26 സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സില്‍ 88 സീറ്റുകളും ഉണ്ട്.


Sort by