ആസ്റ്റർ ഹോസ്പിറ്റൽ വിജയകരമായി ഹിപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി

ഈയുഗം ന്യൂസ് ബ്യൂറോ     April  30, 2019   Tuesday   10:18:46pm

news
ദോഹ: ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വിജയകരമായി ഹിപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. പ്രശസ്ത അസ്ഥിരോഗവിദഗ്ദനും ഡോക് മെഡിക്കൽ സെന്ററിലെ മെഡിക്കൽ ഡയറക്ടറുമായ ഡോ. ഇമാനുവൽ ടൊളേസയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. നാൽപത്കാരനായ പ്രവാസിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഗുരുതരമായ ഓസ്റ്റിയോ ആർത്രറൈറ്റിസ് ബാധിച്ചിരുന്ന യുവാവിന് കഠിനമായ കാൽമുട്ട് വേദന കാരണം ഒട്ടും നടക്കാൻ സാധിച്ചിരുന്നില്ല. നല്ല ഒരു അത്‌ലറ്റ് കൂടിയായ യുവാവിന് വേദന കാരണം ജീവിതം ദുസ്സഹമായതിനെ തുടർന്നാണ് ഇത്തരം അസുഖങ്ങൾക്കുള്ള ഏറ്റവും മികച്ച ചികിത്സരീതിയായ ഹിപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം പൂർവ്വരോഗ്യത്തിലേക്ക് തിരിച്ചെത്തിയ യുവാവ് പരസഹായമില്ലാതെ നടന്ന് തുടങ്ങി.

"പെട്ടന്ന് ഒരു ദിവസം കാൽ അനക്കാൻ ആകാതെ വരുമ്പോളുള്ള അവസ്ഥ പറഞ്ഞറിയിക്കാൻ സാധ്യമല്ല. ചിലപ്പോൾ നടക്കുന്നതിന്റെ ഇടയിലോ വാഹനം ഓടിക്കുന്നതിന്റെ ഇടയിലും മറ്റുമാണ് അമിതമായി വേദന അനുഭവപ്പെടുകയും കാൽ അനക്കാൻ സാധിക്കാതെ വരുകയും ചെയ്‌തത്‌. ഞാൻ ആകെ തളർന്നുപോയി. ഒടുവിലാണ് ഡോ.ടൊളേസയുടെ അടുത്ത് ചികിത്സ തേടിയെത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആസ്റ്റർ ഹോസ്പിറ്റലിലിൽ വെച്ച് വിജയകരമായി ഹിപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമായതും," യുവാവ് അറിയിച്ചു.

ആസ്റ്റർ ഹോസ്പിറ്റലിലെ ജീവനക്കാരുടെയും രോഗിയുടെ ബന്ധുക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് എത്രയും പെട്ടന്ന് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിച്ചതെന്ന് സർജറിക്ക് നേതൃത്വം കൊടുത്ത ഡോ. ഇമാനുവൽ ടൊളേസ പറഞ്ഞു.” ദോഹയിൽ അടുത്തിടെ ആരംഭിച്ച ഡോക് മെഡിക്കൽ സെന്ററിലെ മെഡിക്കൽ ഡയറക്ടറും അസ്ഥിരോഗവിദഗ്ദ്ദനുമാണ് ഡോ.ടൊളേസ.

ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും ആരോഗ്യ സംരക്ഷണരംഗത്തെ അതികായകരായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഭാഗമാണ് ദോഹ ഓൾഡ് എയർപോർട്ടിന് സമീപം പ്രവർത്തിക്കുന്ന ആസ്റ്റർ ഹോസ്പിറ്റൽ. അത്യാധുനിക ഓപ്പറേഷൻ തീയേറ്ററുകൾ, ഐ.സി.യു, ഡെലിവറി സ്യൂട്ട്, ബ്ലഡ് ബാങ്ക്, പ്രൈവറ്റ് റൂമുകൾ തുടങ്ങീ സൗകര്യങ്ങളോടെ 2017 ജൂണിൽ പ്രവർത്തനം ആരംഭിച്ച ആസ്റ്റർ ഹോസ്പിറ്റൽ, വിജയകരമായി ഹിപ്പ് മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുക വഴി പുതിയ നാഴികക്കല്ല് പിന്നിട്ടു.


Sort by