രോഹിന്ഗ്യന്‍, യമനി അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഷെയ്ഖ്‌ താനി 35 മില്ല്യന്‍ ഡോളര്‍ നല്‍കി

ഈയുഗം ന്യൂസ് ബ്യൂറോ     April  17, 2019   Wednesday   10:19:03pm

news
ദോഹ: രോഹിന്ഗ്യന്‍ അഭയാര്‍ത്ഥികളുടെയും യമനില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും പുനരധിവാസത്തിനു വേണ്ടി പ്രമുഖ ഖത്തര്‍ ബിസിനസ്സൂകാരനായ ഷെയ്ഖ്‌ താനി ബിന്‍ അബ്ദുള്ള ബിന്‍ താനി അല്‍ താനി 35 മില്ല്യന്‍ ഡോളര്‍ സംഭാവന ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി സംഘടനയായ യൂ.എന്‍.എച്ച്.സി.ആര്‍ (UNHCR) അറിയിച്ചു.

ഒരു വ്യക്തി യൂ.എന്‍.എച്ച്.സി.ആറിന് നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണിത്.

സംഭാവന കൈമാറാനുള്ള കരാറില്‍ ഷെയ്ഖ്‌ താനിക്ക് വേണ്ടി ഷെയ്ഖ്‌ ഡോ: ഖാലിദ്‌ ബിന്‍ താനിയും അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യൂ.എന്‍ ഹൈ കമ്മിഷണര്‍ ഫിലിപ്പോ ഗ്രാണ്ടിയും ജനീവയില്‍ ഇന്നലെ ഒപ്പുവച്ചു.

ഖത്തറിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ എസ്ദാന്‍ ഗ്രൂപ്പിന്‍റെ സ്ഥാപകനാണ് ഷെയ്ഖ്‌ താനി ബിന്‍ അബ്ദുള്ള ബിന്‍ താനി അല്‍ താനി. സംഭാവന ചെയ്ത മുഴുവന്‍ തുകയും അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാക്കും.

"സംഘര്‍ഷം മൂലം ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് സഹായമായിരിക്കും അത്യപൂര്‍വമായ ഈ സംഭാവന," ഫിലിപ്പോ ഗ്രാണ്ടി പറഞ്ഞു. ഫണ്ട്‌ രണ്ടായി വിഭജിക്കും. 13 മില്ല്യന്‍ ഡോളര്‍ യെമനില്‍ ചിലവഴിക്കും. മൂന്നു ലക്ഷം പേര്‍ക്ക് ഇത് പ്രയോജനപ്പെടും. 22 മില്ല്യന്‍ ഡോളര്‍ ബംഗ്ലാദേശിലെ രോഹിന്ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ചിലവഴിക്കും. നാലര ലക്ഷം പേര്‍ക്ക് ഇത് പ്രയോജനപ്പെടും.

"പാവപ്പെട്ടവരെ സഹായിക്കാന്‍ സാധിക്കുക എന്നത് ഒരു ഭാഗ്യമാണ്," ഷെയ്ഖ്‌ ഡോ: ഖാലിദ്‌ ബിന്‍ താനി പറഞ്ഞു.

താനി ബിന്‍ അബ്ദുള്ള ബിന്‍ താനി അല്‍ താനി ഹുമാനിറ്റാറിയന്‍ ഫണ്ടിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ടവരെയും അഭയാര്‍ഥികളെയും യുദ്ധത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെയും സഹായിക്കാന്‍ ദശലക്ഷക്കണക്കിനു റിയാലാണ് ഓരോ വര്‍ഷവും ഷെയ്ഖ്‌ താനി ചിലവഴിക്കുന്നത്.


Sort by