ഖത്തര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; 50% പോളിംഗ്

ഈയുഗം ന്യൂസ് ബ്യൂറോ     April  17, 2019   Wednesday   07:46:40pm

news
ദോഹ: ഇന്നലെ നടന്ന ഖത്തര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ (സി.എം.സി) തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലേക്ക് രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ നടന്ന തിരഞ്ഞെടുപ്പില്‍ 50.10 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതായത് രജിസ്റ്റര്‍ ചെയ്ത മൊത്തം 27,000 ത്തോളം വോട്ടര്‍മാരില്‍ 13,334 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

അഞ്ചു സ്ത്രീകളടക്കം മൊത്തം 85 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. നാല് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് മിസൈമീര്‍ അബൂ ഹമൂര്‍ മണ്ഡലത്തിലാണ്‌ - 71.7 ശതമാനം. ഏറ്റവും കുറവ് ഉം സലാല്‍ മുഹമ്മദിലും - 14.4 ശതമാനം.

അഞ്ചു സ്ത്രീകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. വിജയിച്ച 25 സ്ഥാനാര്‍ഥികളില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ഓള്‍ഡ്‌ എയര്‍പോര്‍ട്ടില്‍ നിന്ന് ഷെയ്ഖ യൂസുഫ് ഹസന്‍ അല്‍ ജുഫൈരിയും തുമാമയില്‍ നിന്നും ഫാത്തിമ അഹമദ് ഖല്‍ഫാന്‍ അല്‍ കുവാരിയും. ജയിച്ചവരില്‍ 15 പേര്‍ പുതുമുഖങ്ങളാണ്. പതിനഞ്ചു പേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരും.

ആറാമത് ഖത്തര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.

അതേസമയം മുനിസിപ്പല്‍ കൌണ്‍സിലിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് ചില വോട്ടര്‍മാര്‍ ആവശ്യപ്പെട്ടു. കൌണ്‍സിലിന് നിയമനിര്‍മ്മാണത്തിനുള്ള അധികാരമില്ല. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ അധികാരമുള്ളൂ. "പല കൌണ്‍സില്‍ അംഗങ്ങളും ചെയ്യുന്ന സേവനങ്ങള്‍ വ്യക്തിപരമായ ശ്രമങ്ങളുടെ ഫലമായി ചെയ്യുന്നതാണ്. കാരണം ഉപദേശകസമിതിയുടെ വില മാത്രമാണ് അവര്‍ക്കുള്ളത്. സി.എം.സി പ്രവര്‍ത്തനം തുടങ്ങിയിട്ട് 20 വര്‍ഷമായി. അവര്‍ക്ക് നല്ല പ്രവര്‍ത്തിപരിചയമുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കാവുന്നതാണ്‌," വോട്ടര്‍ ആയ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.


  

Sort by