ജെറ്റ് എയര്‍വെയ്സ് എല്ലാ സെര്‍വിസുകളും നിര്‍ത്തിവെച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     April  17, 2019   Wednesday   06:47:33pm

news
ദോഹ: കടബാധ്യത മൂലം ഭീമമായ നഷ്ടത്തിലായിരുന്ന ജെറ്റ് എയര്‍വെയ്സ് എല്ലാ സെര്‍വിസുകളും നിര്‍ത്തിവെച്ചതായി കമ്പനി ഇന്ന് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

"എല്ലാ പ്രാദേശിക, അന്താരാഷ്ട്ര സെര്‍വിസുകളും നിര്‍ത്തിവെക്കാന്‍ ജെറ്റ് എയര്‍വെയ്സ് നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെതായിരിക്കും കമ്പനിയുടെ അവസാനത്തെ സര്‍വീസ്," കമ്പനി പറഞ്ഞു. ബാങ്കുകളില്‍ നിന്ന് അടിയന്തിര ധനസഹായം ലഭിക്കുന്നതില്‍ പരാജയപ്പെട്ടത് മൂലമാണ് കമ്പനി തീരുമാനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളോട് 400 കോടി രൂപ അടിയന്തിര സഹായമാണ് ജെറ്റ് എയര്‍വെയ്സ് ആവശ്യപ്പെട്ടിരുന്നത്. ഒരു ബില്ല്യന്‍ ഡോളര്‍ ആണ് കമ്പനിയുടെ കടബാധ്യത.

ഇന്നലെ അഞ്ചു വിമാനങ്ങള്‍ മാത്രമാണ് ജെറ്റ് സര്‍വീസ് നടത്തിയത്. മാസങ്ങളോളമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. കമ്പനി സ്ഥിരമായി പ്രവര്‍ത്തനം നിര്‍ത്തിയാല്‍ 20,000 പേര്‍ക്ക് ജോലി നഷ്ടപ്പെടും.

ഗള്‍ഫില്‍ നിന്നും നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ജെറ്റിന്റെ അഭാവം പ്രവാസികള്‍ക്ക് വലിയ നഷ്ടമാണ്. പ്രത്യേകിച്ചും വേനലവധിക്കാലം ആസന്നമായ ഈ ഘട്ടത്തില്‍.

ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ പുതിയ വിമാന കമ്പനികള്‍ ഉയര്‍ത്തിയ ഭീഷണി അവഗണിച്ചതാണ് ജെറ്റ് എയര്‍വെയ്സിന്‍റെ നഷ്ടത്തിന് കാരണം. വളരെ കുറഞ്ഞ ടിക്കറ്റ്‌ നിരക്കിലാണ് ഈ മൂന്നു കമ്പനികളും ഓപ്പറേറ്റ് ചെയ്യുന്നത്.


Sort by