തര്‍ഷീദ്: 1.75 ബില്ല്യന്‍ റിയാലിന്റെ വൈദ്യുതി, ജല, വാതക ഉപയോഗം കുറച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     April  16, 2019   Tuesday   06:54:19pm

news
ദോഹ: പൊതുജന ബോധവല്‍ക്കരണത്തിലൂടെ കഴിഞ്ഞ വര്‍ഷം 1.75 ബില്ല്യന്‍ റിയാലിന്റെ വൈദ്യുതി, ജല, വാതക ഉപയോഗം കുറക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

ഊര്‍ജ്ജ ഉപയോഗം കുറക്കാന്‍ രൂപീകരിക്കപ്പെട്ട തര്‍ഷീദ് പ്രോഗ്രാമിന്‍റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചു ഷെരട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ച് കഹര്മാ പ്രസിഡന്റും തര്‍ഷീദ് സ്ടിയരിംഗ് കമ്മിറ്റി ചെയര്‍മാനുമായ എഞ്ചിനീയര്‍ എസ്സാ ബിന്‍ ഹിലാല്‍ അല്‍ കുവാരിയാണ് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍ താനി, ഊര്‍ജ്ജകാര്യ സഹമന്ത്രി സാദ് ബിന്‍ ഷെരീദ അല്‍ കാബി, മറ്റു മന്ത്രിമാര്‍, നയതന്ത്രജ്ഞന്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

"2018 ല്‍ ബോധവല്‍ക്കണം മൂലം 6,295 ഗിഗാവാട്ട് വൈദ്യുതിയും 33.22 മില്ല്യന്‍ കുബിക് മീറ്റര്‍ വെള്ളവും 60,642 മില്ല്യന്‍ കുബിക് ഫീറ്റ്‌ ഗാസും ലാഭിക്കാന്‍ സാധിച്ചു," എസ്സാ ബിന്‍ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. "ഒരു വ്യക്തിയുടെ ശരാശരി വൈദ്യുതി ഉപയോഗം ആറു ശതമാനവും വെള്ളത്തിന്‍റെ ഉപയോഗം പത്ത് ശതമാനവും കുറക്കുക എന്നതാണ് ലക്‌ഷ്യം."

വൈദ്യുതിയും വെള്ളവും സ്വദേശികള്‍ക്ക് സൗജന്യമായി നല്‍കുന്നത് കൊണ്ട് സ്വദേശികള്‍ക്കിടയിലാണ് ബോധവല്‍ക്കണം കൂടുതലും നടക്കുന്നത്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും അനാവശ്യ ഉപയോഗം കുറക്കാന്‍ തര്ഷീദ് മാധ്യമങ്ങളിലൂടെ കാമ്പയിനും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നു.


Sort by