റോഡില്‍ വാഹനാഭ്യാസം: രണ്ട് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

ഈയുഗം ന്യൂസ് ബ്യൂറോ     April  13, 2019   Saturday   06:10:02pm

news
ദോഹ: അല്‍ ഖീസ ഏരിയയില്‍ അപകടകരമായ രീതിയില്‍ റോഡില്‍ വാഹനമോടിച്ച രണ്ടു ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തതായും അവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തതായും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

അപകടകരമായ, ഭീതിപരത്തുന്ന രീതിയില്‍ ഇവര്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് ശേഷമാണ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടപടിയെടുത്തത്. നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതികരിച്ചു.

"അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുക്കുകയും അവരുടെ കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. റോഡില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും," ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്റെറില്‍ അറിയിച്ചു.

നിരവധി വാഹനങ്ങള്‍ റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഒരു വെളുത്ത എസ്.യൂ.വി ടയറുകള്‍ ശക്തമായി റോഡില്‍ ഉരസി കറുത്ത പുക ആകാശത്തേക്ക് ഉയര്‍ത്തുന്ന രംഗവുമുണ്ട്.

മറ്റൊരു കാര്‍ ചെരിച്ച് രണ്ട് ചക്രങ്ങളില്‍ ഓടിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിരവധി തവണ മറിയുന്ന ദൃശ്യവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.


Sort by