തിങ്കളാഴ്ച വരെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ജെറ്റ് എയര്‍വയ്‌സ് റദ്ദാക്കി

ഈയുഗം ന്യൂസ് ബ്യൂറോ     April  13, 2019   Saturday   02:03:40pm

news
ദോഹ: തിങ്കളാഴ്ച വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കിയതായി ജെറ്റ് എയര്‍വയ്‌സ് അധികൃതര്‍ അറിയിച്ചു. കടബാധ്യത മൂലം തകര്‍ച്ചയിലായ കമ്പനിയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെകിലും അവയൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

ഒരു ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ജെറ്റ് എയര്‍വയ്‌സിന്‍ കടബാധ്യത. വിമാന കമ്പനികള്‍ക്ക് പണം നല്‍കാത്തതിനാല്‍ കഴിഞ്ഞ വ്യാഴാഴ്ച പത്തു വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സര്‍വിസുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നത് മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിത്തിലാകുന്നത്.

നൂറിലധികം വിമാനങ്ങള്‍ ഉണ്ടായിരുന്ന കമ്പനി ഇപ്പോള്‍ 16 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ വ്യോമയാന നിയമ പ്രകാരം അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ചുരുങ്ങിയത് 20 വിമാനങ്ങള്‍ വേണം.

ജെറ്റ് എയര്‍വയ്‌സിന്‍റെ പ്രശ്നങ്ങള്‍ പഠിക്കുമെന്നും യാത്രക്കാര്‍ക്കുള്ള അസൗകര്യങ്ങള്‍ കുറക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.

ക്രൂഡ് ഓയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതും ബജറ്റ് എയര്‍ലൈന്‍സുകളില്‍ നിന്നുള്ള ശക്തമായ മത്സരവുമാണ് ജെറ്റ് എയര്‍വയ്‌സിനെ നഷ്ടത്തിലേക്ക്‌ തള്ളിയിട്ടത്‌.


Sort by