ഗള്‍ഫ്‌ പ്രതിസന്ധി: ഖത്തറിന്റെ അഭ്യര്‍ഥനയോട് പ്രതികരിക്കുന്നില്ല

ഈയുഗം ന്യൂസ് ബ്യൂറോ     April  10, 2019   Wednesday   06:39:13pm

news
ദോഹ: ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന ഖത്തറിന്റെ അഭ്യര്‍ഥനയോട് അയല്‍രാജ്യങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും ഇതുമൂലം പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത കുറവാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവായ ലുലുവ അല്‍ ഖാതിര്‍ പറഞ്ഞു. അമേരിക്കയിലെ വാഷിംഗ്‌ടനില്‍ 'വിദേശ നയത്തിന് വനിതാ കൂട്ടായ്മ' എന്ന സംഘടന നടത്തിയ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലുലുവ അല്‍ ഖാതിര്‍.

കുവൈത്തും അമേരിക്കയും നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടതിനു ശേഷവും ഖത്തര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന സന്ദേശമാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്നത്.

ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ ഇല്ലാത്തതില്‍ അല്‍ ഖാതിര്‍ ദുഃഖം പ്രകടിപ്പിച്ചു. "ചര്‍ച്ച നടത്തണമെന്ന മറ്റു രാജ്യങ്ങളുടെ അഭ്യര്‍ഥനയോട് ഉപരോധ രാജ്യങ്ങള്‍ പ്രതികരിക്കുക പോലും ചെയ്യുന്നില്ല. ഞങ്ങള്‍ ഇപ്പോഴും ചര്‍ച്ചക്ക് തയ്യാറാണ്," അമേരിക്ക നടത്തിയ ശ്രമങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അല്‍ ഖാതിര്‍ പറഞ്ഞു.

"ഉപരോധം തുടങ്ങിയപ്പോള്‍ ഖത്തറിന് പുറത്തുള്ള പലരും കരുതിയത്‌ ഇത് അറബികള്‍ തമ്മിലുള്ള മറ്റൊരു ഗോത്ര സംഘര്‍ഷമാണെന്നാണ്. പക്ഷേ ഉപരോധം തുടങ്ങിയവര്‍ തന്നെയാണ് മേഖലയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി," അല്‍ ഖാതിര്‍ പറഞ്ഞു.


   അമേരിക്ക ഒന്ന് ശരിക്കും കണ്ണുരുട്ടിയാൽ പ്രശ്നം തീരും...

Sort by