ഖത്തറില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ്

ഈയുഗം ന്യൂസ് ബ്യൂറോ     April  09, 2019   Tuesday   10:22:52pm

news
ദോഹ: കഴിഞ്ഞ വര്‍ഷം ഖത്തറില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2018 ല്‍ ജനസംഖ്യയില്‍ 3.6 ശതമാനം വര്‍ധനവ്‌ ഉണ്ടായെങ്കിലും ലോക ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒരു ലക്ഷം ആളുകള്‍ക്ക് ലോക ശരാശരിഎട്ട് കൊലപാതകങ്ങളാണെങ്കില്‍ ഖത്തറില്‍ കൊലപാതകങ്ങളുടെ എണ്ണം ലോക ശരാശരിയെക്കാളും 95 ശതമാനം കുറവാണെന്ന് മന്ത്രാലയം പറഞ്ഞു.

ആക്രമണങ്ങളുടെ എണ്ണത്തില്‍ ലോക ശരാശരി ഒരു ലക്ഷം ആളുകള്‍ക്ക് 100 കേസുകളാണെങ്കില്‍ ഖത്തറില്‍ ഇത് 99.8 ശതമാനം കുറവാണ്. മോഷണം, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ലോക ശരാശരി ഒരു ലക്ഷം ആളുകള്‍ക്ക് 100 കേസുകളാണെങ്കില്‍ ഖത്തറില്‍ ഇത് 99.9 ശതമാനം കുറവാണ്.

കുറ്റകൃത്യങ്ങള്‍ തടയാന്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച വ്യാപകമായ നടപടികളുടെ ഫലമാണ് ഈ നേട്ടം. മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിലും ഖത്തര്‍ വന്‍പുരോഗതിയാണ് കൈവരിച്ചത്. മയക്കുമരുന്ന് ഉപയോഗം ജനസംഖ്യയുടെ വെറും 0.1 ശതമാനം മാത്രമാണ്. അതേസമയം ലോക ശരാശരി ഇത് രണ്ട് ശതമാനമാണ്. അതായത് ഖത്തറില്‍ 95 ശതമാനം കുറവ്, മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 88.3 ശതമാനവും ചെറിയ കുറ്റകൃത്യങ്ങളായിരുന്നു. ചെക്ക്‌ കേസുകള്‍, നിയമ ലംഘനങ്ങള്‍, വഴക്കുകള്‍ എന്നിവയായിരുന്നു ഇവയില്‍ ഭൂരിഭാഗവും.


Sort by