യൂ.എ.ഇ, സൗദി ബാങ്കുകള്‍ക്കെതിരെ ഖത്തര്‍ നിയമ നടപടി തുടങ്ങി

ഈയുഗം ന്യൂസ് ബ്യൂറോ     April  08, 2019   Monday   06:50:25pm

news
ദോഹ: ഉപരോധ ശേഷം ഖത്തര്‍ കറന്‍സിയുടെ മൂല്യം തകര്‍ക്കാന്‍ ഉപരോധ രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ ഖത്തര്‍ നിയമ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി മൂന്നു ബാങ്കുകള്‍ക്കെതിരെ ലണ്ടനിലും ന്യൂ യോര്‍ക്കിലും ഖത്തര്‍ കേസ് ഫയല്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ലക്സംബെര്‍ഗ് ആസ്ഥാനമായുള്ള ബാങ്ക് ഹവിലാന്‍ഡ്, യൂ.എ.ഇ യിലെ ഫസ്റ്റ് അബുദാബി ബാങ്ക്, സൗദി അറേബ്യയിലെ സാംബ ബാങ്ക് എന്നീ മൂന്ന് ബാങ്കുകള്‍ക്കെതിരെയാണ് ഖത്തര്‍ കേസ് ഫയല്‍ ചെയ്തത്. ഉപരോധ ശേഷം ഖത്തര്‍ റിയാലിനെയും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെയും തകര്‍ക്കാന്‍ അന്താരാഷ്ട്ര നാണയ മാര്‍ക്കറ്റില്‍ ഇവര്‍ നടത്തിയ കൃതിമ ഇടപെടലുകള്‍ക്കെതിരെയാണ് നടപടി.

2017 ല്‍ അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം അന്താരാഷ്ട്ര മാര്‍കെറ്റില്‍ ഖത്തര്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ വ്യാപകമായ ശ്രമങ്ങളാണ് നടന്നത്. ലണ്ടനിലെയും ന്യൂ യോര്‍ക്കിലെയും കറന്‍സി മാര്‍കെറ്റില്‍ പേര് വെളിപ്പെടുത്താത്ത ചില ബാങ്കുകള്‍ മാര്‍ക്കറ്റ്‌ നിരക്കിനെക്കാളും കുറഞ്ഞ നിരക്കില്‍ ഖത്തര്‍ റിയാല്‍ വില്പന നടത്താന്‍ ശ്രമിച്ചു. റിയാലിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് തെളിയിക്കാനായിരുന്നു ഈ നീക്കം. പക്ഷെ ബുദ്ധിപരമായ, സമയോചിതമായ നീക്കങ്ങളിലൂടെ ഖത്തര്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരായ ബാങ്കുകളെ തിരച്ചറിഞ്ഞു.

ഒരു ദശകത്തിലധികമായി ഒരു അമേരിക്കന്‍ ഡോളറിനു 3.64 റിയാലാണ് ഖത്തര്‍ കറന്‍സിയുടെ മൂല്യം. പക്ഷെ ഉപരോധ ശേഷം ഇത് 3.895 റിയാല്‍ ആയി കുറഞ്ഞു. പിന്നീട് ഉടനെതന്നെ പഴയ നിരക്ക് പുനസ്ഥാപിച്ചു.

വിദേശ കരുതല്‍ശേഖരവും വിദേശനിക്ഷേപവുമായി 300 ബില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള ഖത്തറിന്‍റെ കറന്‍സിയെ തകര്‍ക്കാന്‍ സാധ്യമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.


Sort by