വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 2,000 ഹുബാറ പക്ഷികളെ ഖത്തര്‍ വളര്‍ത്തുന്നു

ഈയുഗം ന്യൂസ് ബ്യൂറോ     April  06, 2019   Saturday   02:31:05pm

news
ദോഹ: ലോകത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഹുബാറ ബസ്ടഡ്‌ (houbara bustard) ഇനത്തില്‍പ്പെട്ട 2,000 പക്ഷികളെ ഒരു വര്ഷം ഖത്തറില്‍ വളര്‍ത്തി പുറത്തുവിടുന്നതായി മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതിനായി 25 മില്ല്യന്‍ റിയാല്‍ ചിലവില്‍ ഒരു പക്ഷി വളര്‍ത്തല്‍ കേന്ദ്രം സ്ഥാപിച്ചതായും മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ റിപ്പോര്‍ട്ട്‌ ചെയ്തു.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും 568,073 സ്ക്വയര്‍ മീറ്ററില്‍ പരന്നുകിടക്കുന്നതുമായ പക്ഷി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 4,340 സ്ക്വയര്‍ മീറ്റര്‍ വലിപ്പത്തിലുള്ള ഒരു കെട്ടിടവുമുണ്ട്.

പരിസ്ഥിതി സംരക്ഷിക്കാന്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെയും പക്ഷികളേയും വളര്‍ത്തി അവയെ പുറത്തേക്ക് തുറന്നുവിടുക എന്നത് ഖത്തരിന്റെ നയമാണ്. ഇതിനായി ലോകത്തെ ഏറ്റവും വലിയ മൃഗ-പക്ഷി വളര്‍ത്തല്‍ കേന്ദ്രം സ്ഥാപിക്കാന്‍ ഖത്തര്‍ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു.

കാടപ്പക്ഷി, രാപ്പാടി തുടങ്ങിയ പക്ഷികളെയും ഖത്തര്‍ വളര്‍ത്തുന്നുണ്ട്. മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം ഇയ്യിടെ റാസ്‌ ലഫ്ഫാന്‍ ഇന്ഡസ്ട്രിയല്‍ സിറ്റിയുമായി സഹകരിച്ച് ആറു അപൂര്‍വ ഇനത്തില്‍പ്പെട്ട ഫാല്‍ക്കന്‍ പക്ഷികളെ വളര്‍ത്തി തുറന്നുവിട്ടു.


Sort by