// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  04, 2019   Thursday   06:36:08pm

news



whatsapp

ദോഹ: ദോഹയിലെ നജ്മയിലുള്ള ദോഹ സിനിമയും ഗള്‍ഫ്‌ സിനിമയും നവീകരണത്തിനു ശേഷം സമീപഭാവിയില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

"ഇപ്പോള്‍ കതാറ കള്‍ച്ചറല്‍ വില്ലേജില്‍ ഒരു സിനിമ കോംപ്ലെക്സ്‌ നിര്‍മ്മിക്കുന്ന തിരക്കിലാണ് കമ്പനി. ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടനെ ദോഹ സിനിമയും ഗള്‍ഫ്‌ സിനിമയും ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കും. ദോഹയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഈ രണ്ട് തിയേറ്ററുകളും ഏഷ്യന്‍ വംശജരായ പ്രവാസികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്," ഖത്തര്‍ സിനിമ ആന്‍ഡ്‌ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി ജനറല്‍ മാനേജര്‍ അബ്ദുള്‍റഹ്മാന്‍ നജദി ഖത്തര്‍ ട്രിബ്യൂണ്‍ പത്രത്തോട് പറഞ്ഞു.

നിരവധി വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ദോഹ സിനിമയുടെയും ഗള്‍ഫ്‌ സിനിമയുടെയും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികളായ സിനിമ പ്രേമികള്‍. ഈ രണ്ടു തിയേറ്ററുകളും അടച്ചതിന് ശേഷം സിനിമ പ്രേമികള്‍ ഏഷ്യന്‍ ടൌണിലെ സിനിമ ഹാളുകളെ ആശ്രയിക്കാന്‍ തുടങ്ങി. മാളുകളെ അപേക്ഷിച്ച് ടിക്കറ്റ്‌ നിരക്ക് വളരെ കുറവാണ് എന്നതാണ് ഏഷ്യന്‍ ടൌണിന്‍റെ പ്രത്യേകത.

നാല് സ്ക്രീനുകളുള്ള കതാറയിലെ സിനിമ കോംപ്ലെക്സിന്‍റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായതായും ജൂലൈ മാസത്തിലോ ഓഗസ്ടിലോ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ഇരുപതു മില്ല്യന്‍ റിയാല്‍ ചിലവില്‍ നിര്‍മിക്കുന്ന ഈ കോംപ്ലെക്സ്‌ മേഖലയിലെതന്നെ ഏറ്റവും വലിയതും അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും ആയിരിക്കും.

കമ്പനി കൂടുതല്‍ മാളുകളില്‍ സിനിമ തിയേറ്ററുകള്‍ തുടങ്ങുമെന്നും നജദി പറഞ്ഞു.

Comments


Page 1 of 0