// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  20, 2019   Wednesday   02:40:31pm

news



whatsapp

ദോഹ: വിദേശികള്‍ക്ക് ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ്‌ വാങ്ങാവുന്ന സ്ഥലങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ഗവണ്മെന്റ് ഉത്തരവിറക്കി. പുതിയ നിയമപ്രകാരം വിദേശികള്‍ക്ക് ചില പ്രത്യേക സ്ഥലങ്ങളില്‍ ഓഫിസുകള്‍, കടകള്‍, വില്ലകള്‍ എന്നിവയില്‍ നിക്ഷേപം നടത്താം. പുതിയ നിയമം ഖത്തര്‍ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും റിയല്‍ എസ്റ്റേറ്റ്‌ മേഖലക്ക് ഉണര്‍വ് നല്‍കുമെന്നും നീതിന്യായ വകുപ്പ് മന്ത്രി' ഡോ: ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

വിദേശികള്‍ക്ക് 99 വര്‍ഷം റിയല്‍ എസ്റ്റേറ്റ്‌ ഉടമസ്ഥാവകാശം നല്‍കുന്ന 16 സ്ഥലങ്ങള്‍ ഗവണ്മെന്റ് നിശ്ചയിച്ചു. ഈ സ്ഥലങ്ങള്‍ ഇവയാണ്: മുശൈരിബ്, ഫരീജ് അബ്ദുല്‍ അസീസ്‌, ദോഹ ജദീദ്, ന്യൂ അല്‍ ഘാനിം, റിഫാ ആന്‍ഡ്‌ ഓള്‍ഡ്‌ അല്‍ ഹിത്മി, സലാത്ത, ഫരീജ് ബിന്‍ മഹ്മൂദ് 22, ഫരീജ് ബിന്‍ മഹ്മൂദ് 23, രൗദ അല്‍ ഖൈല്‍, മന്‍സൂറ ആന്‍ഡ്‌ ഫരീജ് ബിന്‍ ദിര്‍ഹം, നജ്മ, മുഗളീന, അല്‍ ഖുലൈഫാത്, അല്‍ സദ്‌, അല്‍ മിര്‍ഖാബ് അല്‍ ജദീദ് ആന്‍ഡ്‌ ഫരീജ് അല്‍ നാസര്‍, ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഏരിയ. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഈ സ്ഥലങ്ങള്‍ നിശ്ചയിച്ചത്.

വിദേശികള്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശം ലഭിക്കുന്ന പത്ത് സ്ഥലങ്ങളും മന്ത്രിസഭ നിശ്ചയിച്ചു. ആ സ്ഥലങ്ങള്‍ ഇവയാണ്: വെസ്റ്റ് ബേ, ദി പേള്‍ ഖത്തര്‍, അല്‍ ഖോര്‍ റിസോര്‍ട്ട്, രൗദ അല്‍ ജഹാനിയ (ഇന്‍വെസ്റ്റ്‌മെന്‍റ് ഏരിയയില്‍ മാത്രം), അല്‍ ഖസ്സര്‍ (അഡ്മിനിസ്ട്രറ്റിവ് ഏരിയ 60), അല്‍ ദഫന (അഡ്മിനിസ്ട്രറ്റിവ് ഏരിയ 61), ഒനൈസ (അഡ്മിനിസ്ട്രറ്റിവ് ഏരിയ 63), അല്‍ വസൈല്‍, അല്‍ ഖ്രൈജ്, ജബല്‍ തൈലീബ്.

പഴയ നിയമപ്രകാരം വിദേശികളായ വ്യക്തികള്‍ക്ക് മാത്രമാണ് റിയല്‍ എസ്റ്റേറ്റ്‌ വാങ്ങാനുള്ള അനുമതി ഉണ്ടായിരുന്നത് എന്നും പുതിയ നിയമ പ്രകാരം കമ്പനികള്‍ക്കും ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ക്കും പ്രോപ്പര്‍ട്ടി വാങ്ങാമെന്നും ഡോ: ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി പറഞ്ഞു.

രണ്ട് ലക്ഷം ഡോളറിന് മുകളില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് സ്ഥിരം റസിഡന്‍സി പെര്‍മിറ്റ്‌ ലഭിക്കും. ഉന്നത ശമ്പളം വാങ്ങുന്നവരും കച്ചവടക്കാരുമായ പല പ്രവാസികള്‍ക്കും താങ്ങാവുന്ന സംഖ്യയാണ് രണ്ട് ലക്ഷം ഡോളര്‍. പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥാവകാശം കൈവശമുള്ള കാലത്തേക്ക് മാത്രമായിരിക്കും റസിഡന്‍സി പെര്‍മിറ്റ്‌.

ഒരു മില്ല്യന്‍ ഡോളറിനു മുകളിലുള്ള പ്രോപ്പര്‍ട്ടി ഉടമസ്ഥര്‍ക്ക് ഗവണ്മെന്റ് സേവനങ്ങളില്‍ കൂടുതല്‍ ഇളവു ലഭിക്കും.

പൂര്‍ണ ഉടമസ്ഥാവകാശം നല്‍കാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ സാമ്പത്തികമായും മറ്റും സുപ്രധാനമായ സ്ഥലങ്ങളാണെന്നും നിക്ഷേപകര്‍ക്ക് നൂറു ശതമാനം വരുമാനം ലഭിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.

Comments


Page 1 of 0