// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  16, 2019   Saturday   02:31:05pm

news



whatsapp

ദോഹ: 2022 ലോക കപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്നും 48 ആയി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് ഇന്നലെ ചേര്‍ന്ന ഫിഫ കൌണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ഇത് നടപ്പിലാക്കാന്‍ മറ്റൊരു രാജ്യത്ത് കൂടി മത്സരങ്ങള്‍ നടത്തേണ്ടി വരുമെന്നും ഇക്കാര്യം ഖത്തറുമായി ചര്‍ച്ച ചെയ്യുമെന്നും യോഗത്തിന് ശേഷം ഫിഫ അധികൃതര്‍ അറിയിച്ചു.

ഒമാനും കുവൈത്തുമാണ് രണ്ടാമത്തെ രാജ്യമെന്ന നിലയില്‍ ഇപ്പോള്‍ പരിഗണനയിലുള്ളത്. ഗള്‍ഫ്‌ പ്രതിസന്ധി തീരാത്തിടത്തോളം യൂ.എ.ഇ യും സൗദി അറേബ്യയും ബഹ്‌റൈനുമായി മത്സരങ്ങള്‍ പങ്കുവയ്ക്കാന്‍ ഖത്തറിനെ നിര്‍ബന്ധിക്കില്ലെന്നും ഫിഫ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഇക്കാര്യത്തില്‍ അവസാനത്തെ തീരുമാനം ജൂണിനു ചേരുന്ന ഫിഫ കൌണ്‍സില്‍ യോഗത്തില്‍ എടുക്കും. അതിനുമുമ്പ് ഖത്തറുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും. ഖത്തറിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ടീമുകളുടെ എണ്ണം 32 ല്‍ നിന്നും 48 ആയി ഉയര്‍ത്തണമെന്നാണ് ഫിഫ പ്രസിഡന്റ്‌ ഗിയാനി ഇന്ഫാന്റിനോയുടെ അഭിപ്രായം. പക്ഷെ ഫിഫ നടത്തിയ പഠനപ്രകാരം ഖത്തറില്‍ ഇതിനുള്ള സൗകര്യങ്ങളില്ല. മറ്റൊരു രാജ്യത്തിന്‍റെ സഹായം കൂടി ആവശ്യമാണ്. ഒമാനിലും കുവൈത്തിലുമുള്ള സ്റ്റേഡിയം സൗകര്യങ്ങളെക്കുറിച്ചു ഫിഫ വിശദമായ പഠനം നടത്തിയിട്ടില്ല. പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇരു രാജ്യങ്ങളിലും ആവശ്യമായ സൗകര്യങ്ങളില്ല എന്നതാണ് ഗിയാനി ഇന്ഫാന്റിനോയുടെ അഭിപ്രായം.

ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ഫിഫക്ക് 400 മില്ല്യന്‍ ഡോളര്‍ അധിക വരുമാനം ഉണ്ടാകുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ മറ്റൊരു രാജ്യത്ത് മത്സരങ്ങള്‍ നടത്തുന്നതിന് സമ്മതം നല്‍കാന്‍ ഖത്തറിനുമേല്‍ ഫിഫ സമ്മര്‍ദ്ദം ചെലുത്താനാണ് സാധ്യത. ഇതുവഴി കുവൈത്തിലോ ഒമാനിലോ മത്സരങ്ങള്‍ നടത്താന്‍ ഖത്തര്‍ സമ്മതം നല്‍കാനുള്ള സാധ്യതയും കൂടുതലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Comments


Page 1 of 0