വിദേശികള്‍ക്ക് ഖത്തറില്‍ ഭൂമി വാങ്ങാന്‍ അനുമതി നല്‍കും

ഈയുഗം ന്യൂസ് ബ്യൂറോ     March  13, 2019   Wednesday   06:39:55pm

news
ദോഹ: വിദേശികള്‍ക്ക് ഖത്തറില്‍ ഭൂമി വാങ്ങാന്‍ അനുമതി നല്‍കുന്നതിനെക്കുറിച്ച് മന്ത്രിസഭ കൌണ്‍സില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇന്ന് ചേര്‍ന്ന കാബിനെറ്റ്‌ യോഗം അംഗീകരിച്ചു. ഇതനുസരിച്ച് ഖത്തറികളല്ലാത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപ കമ്പനികള്‍ക്കും ഭൂമിയും കെട്ടിടങ്ങളും അടങ്ങിയ പ്രോപെര്‍ട്ടി വാങ്ങാന്‍ അനുമതി നല്‍കാന്‍ കാബിനെറ്റ്‌ തീരുമാനിച്ചു.

ഏതെല്ലാം പ്രദേശങ്ങളിലും സ്ഥലങ്ങളിലും ഭൂമി വാങ്ങാന്‍ അനുമതി നല്‍കാം എന്ന് നിശ്ചയിക്കുന്ന നിര്‍ദേശങ്ങളും മന്ത്രിസഭ കൌണ്‍സില്‍ കാബിനെറ്റിന് സമര്‍പ്പിച്ചു.

താഴെപ്പറയുന്ന കാര്യങ്ങള്‍ കാബിനെറ്റ്‌ അംഗീകരിച്ചു:

* ഖത്തറികളല്ലാത്ത വ്യക്തികള്‍ക്ക് ഭൂമിയും റിയല്‍ എസ്റ്റേറ്റും വാങ്ങാവുന്ന 10 പ്രദേശങ്ങള്‍ (areas) നിശ്ചയിക്കും.
* ഖത്തറികളല്ലാത്തവര്‍ക്ക് 99 വര്‍ഷം റിയല്‍ എസ്റ്റേറ്റ്‌ ഉപയോഗിക്കാവുന്ന 16 പ്രദേശങ്ങള്‍ (സ്ഥലങ്ങള്‍) നിശ്ചയിക്കും.
* പാര്‍പ്പിട സമുച്ചയങ്ങള്‍ക്കുള്ളില്‍ (residential complexes) ഖത്തറികളല്ലാത്തവര്‍ക്ക് വില്ലകള്‍ വാങ്ങാന്‍ അനുമതി നല്‍കും.
* വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളില്‍ (commercial complexes) ഖത്തറികളല്ലാത്തവര്‍ക്ക് കടകള്‍ വാങ്ങാന്‍ അനുമതി നല്‍കും .
* ഇത്തരം പ്രോപ്പര്‍ട്ടി വാങ്ങിയവര്‍ക്ക് അവരുടെ ഉടമസ്ഥാവകാശം നിലനില്‍ക്കുന്ന കാലത്തേക്ക് റസിഡന്‍സ് പെര്‍മിറ്റ്‌ നല്‍കും.

കാബിനെറ്റ്‌ തീരുമാനങ്ങള്‍ വിശദീകരിക്കാനും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും മന്ത്രാലയ പ്രതിനിധികള്‍ അടുത്തയാഴ്ച ഒരു പത്ര സമ്മേളനം നടത്തുമെന്ന് ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.


Sort by