// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  13, 2019   Wednesday   03:43:44pm

news



whatsapp

ദോഹ: ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ (എ.എഫ്.സി) ഖത്തര്‍ ഉടമസ്ഥതയിലുള്ള ബിന്‍ സ്പോര്‍ട്സ് ചാനല്‍ അന്താരാഷ്ട്ര തലത്തില്‍ നിയമ നടപടിക്കൊരുങ്ങുന്നു.

സൗദി അറേബ്യ കളിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സൗജന്യമായി സൗദിയില്‍ സംപ്രേഷണം ചെയ്യാനുള്ള എ.എഫ്.സി തീരുമാനത്തിനെതിരെയാണ് ഖത്തര്‍ നടപടി. ഈ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം ബിന്‍ സ്പോര്‍ട്സ് ചാനലിന് മാത്രമാണ്. പക്ഷേ ഖത്തര്‍ ഉടമസ്ഥതയിലായത് കൊണ്ട് ബിന്‍ സ്പോര്‍ട്സ് ചാനല്‍ സൗദി അറേബ്യ നിരോധിച്ചു. സൗദിയെ സഹായിക്കാനാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സൗജന്യമായി സൗദിയില്‍ സംപ്രേഷണം ചെയ്യാന്‍ ഇന്നലെ എ.എഫ്.സി അധികൃതര്‍ തീരുമാനിച്ചത്.

എ.എഫ്.സി തീരുമാനം ഞെട്ടിച്ചെന്ന് ഖത്തര്‍ പറഞ്ഞു.

"എ.എഫ്.സിയുടെ അസാധാരണമായ ഈ തീരുമാനത്തിനെതിരെ ഞങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ നിയമ നടപടി സ്വീകരിക്കും. എല്ലാ മത്സരങ്ങളുടെയും സംപ്രേഷണാവകാശം ഞങ്ങള്‍ക്ക് മാത്രം നല്‍കുന്ന, എ.എഫ്.സിയുമായി ഏര്‍പ്പെട്ട കരാറിന്റെ നഗ്നമായ ലംഘനമാണിത്. എ.എഫ്.സിയുടെത് ഒരു രാഷ്ട്രീയ തീരുമാനമാണ് ," ഒരു ബിന്‍ സ്പോര്‍ട്സ് വക്താവ് പറഞ്ഞു.

കരാര്‍ പ്രകാരം 2013 മുതല്‍ 2020 വരെ ഏഷ്യന്‍ കപ്പും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം 38 മില്ല്യന്‍ ഡോളര്‍ ചിലവഴിച്ചാണ് ഖത്തര്‍ സ്വന്തമാക്കിയത്.

അതേസമയം ബിന്‍ സ്പോര്‍ട്സ് നിരോധിച്ച സൌദി അറേബ്യ സ്വന്തം സാറ്റലൈറ്റ് ഉപയോഗിച്ച് കോപ്പിയടിച്ചാണ് കഴിഞ്ഞ ഏഷ്യന്‍ കപ്പ്‌ മത്സരങ്ങള്‍ സൗദിയില്‍ സംപ്രേഷണം ചെയ്തത്. ഇത് മൂലം ഭീമമായ വരുമാന നഷ്ടമാണ് ഖത്തര്‍ ചാനലിനുണ്ടായത്.

ഒരു ബില്ല്യന്‍ ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട്‌ കഴിഞ്ഞ ഒക്ടോബറില്‍ സൗദി ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ഖത്തര്‍ അന്താരാഷ്ട്ര തലത്തില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഗള്‍ഫ്‌ പ്രതിസന്ധി സ്പോര്‍ട്സ് മേഖലയിലേക്ക് കൂടുതല്‍ വ്യാപിക്കുന്നു എന്നതാണ് ഏറ്റവും അവസാനത്തെ തര്‍ക്കം സൂചിപ്പിക്കുന്നത്. ഏഷ്യന്‍ കപ്പ്‌ സെമിഫൈനല്‍ മത്സരത്തിനിടെ ഖത്തറിനെ അപമാനിച്ചതിന് യൂ.എ.ഇ ക്കെതിരെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എ.എഫ്.സി ഒന്നര ലക്ഷം ഡോളര്‍ പിഴ ചുമത്തിയിരുന്നു.

Comments


Page 1 of 0