വധശ്രമത്തില്‍ നിന്ന് അബ്ദുള്ള രാജാവിനെ ഖത്തര്‍ രക്ഷപ്പെടുത്തി: അല്‍ അത്തിയ

ഈയുഗം ന്യൂസ് ബ്യൂറോ     March  12, 2019   Tuesday   02:57:19pm

news
ദോഹ: ഉപരോധ രാജ്യങ്ങളാണ് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതെന്നും സൗദിയിലെ അബ്ദുള്ള രാജാവിനെ ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഖത്തറാണെന്നും ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജമന്ത്രിയുമായിരുന്ന അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ പറഞ്ഞു. ഖത്തറിലെ ലുസൈല്‍ പത്രവുമായുള്ള അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അല്‍ അത്തിയ നടത്തിയത്.

"അബ്ദുള്ള രാജാവിനെ വധിക്കാന്‍ ഖത്തര്‍ ഗൂഡാലോചന നടത്തി എന്നാണ് സൗദി അറേബ്യ അന്ന് പറഞ്ഞത്. പക്ഷേ ഗൂഡാലോചന നടത്തിയത് ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയായിരുന്നു. തക്കസമയത് ഇക്കാര്യം സൗദിയെ അറിയിച്ച് അബ്ദുള്ള രാജാവിനെ വധശ്രമത്തില്‍ നിന്ന് ഖത്തര്‍ രക്ഷപ്പെടുത്തി," അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ പറഞ്ഞു.

"അന്ന് ഗൂഡാലോചന നടത്തിയ വ്യക്തി ഇന്ന് അബുദാബിയിലാണ് താമസിക്കുന്നത്. അദ്ദേഹം അവിടെയുണ്ടെന്ന് അബുദാബി ഭരണാധികാരികള്‍ക്കും അറിയാം. ഇതിന്നര്‍ഥം വധശ്രമത്തിനു പിന്നില്‍ യൂ.എ.ഇ ആണെന്നാണ്‌. ഇതെനിക്കുറപ്പില്ല. പക്ഷെ ആ വ്യക്തിയുടെ സാന്നിധ്യം ഇതാണ് തെളിയിക്കുന്നത്," അദ്ദേഹം പറഞ്ഞു.

അബ്ദുള്ള രാജാവും ഗദ്ദാഫിയും തമ്മിലുള്ള ശത്രുത ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. 2003 ല്‍ ഈജിപ്റ്റില്‍ നടന്ന അറബ് ഉച്ചകോടിയില്‍ ഗദ്ദാഫി അബ്ദുള്ള രാജാവിനെ പരസ്യമായി അപമാനിച്ചിരുന്നു. പിന്നീട് ഗദ്ദാഫിയും ഖത്തര്‍ അമീറും ചേര്‍ന്ന് അബ്ദുള്ള രാജാവിനെ വധിക്കാന്‍ പദ്ധതിയിട്ടതായി സൗദി ആരോപിച്ചു. അന്ന് അബ്ദുള്ള രാജാവിനെ രക്ഷിച്ചത്‌ ഖത്തറാണെന്നാണ് അല്‍ അത്തിയ പറയുന്നത്.

"അബുദാബി ഇപ്പോഴും ഖത്തറില്‍ നിന്നും ഗ്യാസ് വാങ്ങുന്നു. അവര്‍ക്കിത് വിശദീകരിക്കാന്‍ സാധിക്കുന്നില്ല. അബുദാബിയുടെ വൈദ്യുതി ഉല്പാദനത്തിന്റെ 35 ശതമാനവും ഖത്തര്‍ ഗ്യാസ് ഉപയോഗിച്ചാണ്. ഖത്തര്‍ ഗ്യാസ് ഇല്ലെങ്കില്‍ അവര്‍ വലിയ പ്രതിസന്ധിയിലാകും. ഒരു പക്ഷേ ഈ ഗ്യാസ് പ്രതിസന്ധി പരിഹരിക്കാനായിരിക്കും ഖത്തറിനെതിരെ അവര്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തറിനെ ആക്രമിച്ച് ഗ്യാസ് സ്വന്തമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ബില്ല്യണ്‍ കണക്കിന് ഡോളര്‍ വിലവരുന്ന 200 വര്‍ഷത്തേക്കുള്ള ഗ്യാസ് ഇവിടെയുണ്ട്. അല്‍ ശമാലില്‍ നിന്നും സൗദിയിലേക്കും ബഹ്‌റൈനിലെക്കും ഈജിപ് റ്റിലേക്കും പൈപ്പ്ലൈന്‍ വഴി കയറ്റുമതി ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു."

ഒപെക് അംഗത്വം ഖത്തര്‍ രാജിവെക്കാനുള്ള കാരണം സൗദിയാണ്. സൗദി ഒപെക്കിനെ ബഹുമാനിക്കുന്നില്ല. അവര്‍ തോന്നിയ പോലെ തീരുമാനങ്ങള്‍ എടുക്കുന്നു, അല്‍ അത്തിയ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം ലണ്ടനില്‍ വിശ്രമത്തിലാണ് അല്‍ അത്തിയ.


Sort by