ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത് സൗദി: റിപ്പോര്‍ട്ട്‌

ഈയുഗം ന്യൂസ് ബ്യൂറോ     March  10, 2019   Sunday   03:21:59pm

news
ദോഹ: മിഡില്‍ ഈസ്റ്റ്‌ മേഖലയിലേക്കുളള ആയുധ ഒഴുക്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 87 ശതമാനം വര്‍ധനവുണ്ടായതായി റിസര്‍ച്ച് റിപ്പോര്‍ട്ട്‌. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം വില്‍ക്കുന്നത് അമേരിക്കയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത് സൗദി അറേബ്യയും.

സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വാര്‍ഷിക സര്‍വ്വേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 2014 മുതല്‍ 2018 വരെയുള്ള അഞ്ചു വര്‍ഷത്തില്‍ ആയുധം വാങ്ങുന്നതില്‍ ഒന്നാം സ്ഥാനം സൗദിക്കാണ്. അതിനുമുമ്പുള്ള അഞ്ചു വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 192 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ലോക ആയുധ വ്യാപരത്തിന്റെ മൂന്നിലൊന്ന് നടക്കുന്നത് മിഡില്‍ ഈസ്റ്റ്‌ മേഖലയിലാണ്.

അതേസമയം ഖത്തറിന്റെ ആയുധ ഇറക്കുമതി അഞ്ചു വര്‍ഷത്തിനുള്ളില്‍ 225 ശതമാനം വര്‍ദ്ധിച്ചു. ജര്‍മന്‍ ടാങ്കുകള്‍, ഫ്രഞ്ച് യുദ്ധ വിമാനങ്ങള്‍, ചൈനീസ് ബാല്ലിസ്റിക് മിസൈലുകള്‍ എന്നിവ ഖത്തര്‍ വാങ്ങിയവയില്‍ ഉള്‍പ്പെടും. അമേരിക്ക, ഫ്രാന്‍സ്‌, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 93 യുദ്ധ വിമാനങ്ങളും ഇറ്റലിയില്‍ നിന്നും നാല് യുദ്ധക്കപ്പലുകളും ഖത്തറിന് ഉടന്‍ ലഭിക്കും.

"അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവടങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡ് ആണ്," റിപ്പോര്‍ട്ട്‌ പറയുന്നു. സൗദി അറേബ്യ, യൂ.എ.ഇ, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഇറാനെ അക്രമിക്കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ട്‌ സൂചിപ്പിച്ചു.

യമന്‍, സിറിയ, ഇറാഖ്, ലിബിയ എന്നീ രാജ്യങ്ങളിലെ യുദ്ധങ്ങളില്‍ നിരവധി ആയുധങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാലാണ് പുതിയ ശേഖരം രാജ്യങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.

അമേരിക്കയുടെ ആയുധ വില്പനലില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 29 ശതമാനം വര്‍ധനവുണ്ടായി. ഇതില്‍ പകുതിയിലധികവും ആയുധങ്ങള്‍ പോകുന്നത് മിഡില്‍ ഈസ്റ്റ്‌ലേക്കാണ്.

മിഡില്‍ ഈസ്റ്റില്‍ ഇറക്കുമതി ചെയ്യപ്പെട്ട ആയുധങ്ങളില്‍ വെറും 0.9 ശതമാനം മാത്രമാണ് ഇറാന്‍ വാങ്ങിയത്. ആയുധ ഇറക്കുമതിയില്‍ യൂ.എ.ഇ യും വളരെ മുന്നിലാണ്.


Sort by