ഖത്തറില്‍ ചൈനീസ് ഇലക്ട്രിക്‌ ബസ്സുകളുടെ നിര്‍മാണ യൂനിറ്റ് തുടങ്ങാന്‍ ആലോചന

ഈയുഗം ന്യൂസ് ബ്യൂറോ     March  10, 2019   Sunday   01:42:13pm

news
ദോഹ: ചൈനീസ് ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ചൈന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കമ്പനി ഖത്തറിലെ ഫ്രീ ട്രേഡ് സോണില്‍ ഇലക്ട്രിക്‌ ബസ്സുകളുടെ ഒരു നിര്‍മാണ യൂനിറ്റ് തുടങ്ങാന്‍ ആലോചിക്കുന്നതായി ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ്‌ ലിം മെന്‍ ഹുയി പറഞ്ഞു.

ഖത്തര്‍ മാര്‍ക്കറ്റ്‌ മാത്രമല്ല മിഡില്‍ ഈസ്റ്റ്‌, സെന്‍ട്രല്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മേഖലകളിലേക്കും കയറ്റുമതി ചെയ്യാന്‍ ലക്ഷ്യം വെച്ചുള്ളതാണ് ഈ നിര്‍മാണ യൂനിറ്റ് എന്ന് ലിം മെന്‍ ഹുയി പറഞ്ഞു. മാത്രമല്ല തുറമുഖ ഉപകരണങ്ങളുടെ വിതരണത്തിനായുള്ള മറ്റൊരു യൂണിറ്റും കമ്പനി തുടങ്ങും. മധ്യ ഏഷ്യയിലൂടെയുള്ള പഴയ വ്യാപാര പാതകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ പദ്ധതിയില്‍ ഖത്തറിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ലിം മെന്‍ ഹുയി പറഞ്ഞു.

ചൈന ഹാര്‍ബര്‍ അടക്കമുള്ള മൂന്ന് പ്രമുഖ ചൈനീസ് കമ്പനികളുമായി കഴിഞ്ഞ ജനുവരിയില്‍ ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി കരാറുകളില്‍ ഒപ്പിട്ടു. "നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഖത്തര്‍ ഫ്രീ സോണുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷകള്‍ പരിശോധിച്ച് കൊണ്ടിരിക്കുന്നു. ഖത്തര്‍ സമ്പദ് വ്യവസ്ഥക്ക് ഇവക്കു എന്ത് സഹായം നല്‍കാന്‍ സാധിക്കും എന്നാണു ഞങ്ങള്‍ പരിഗണിക്കുന്നത്. അതേസമയം ലോജിസ്ടിക്സ്, പെട്രോകെമിക്കല്‍സ്, ആരോഗ്യം, ഭക്ഷ്യ മേഖല എന്നിവക്കാണ് ഖത്തര്‍ മുന്‍ഗണന നല്‍കുന്നത്," ലിം മെന്‍ ഹുയി പറഞ്ഞു.

ജര്‍മ്മനി, ഫ്രാന്‍സ്‌, ഇറ്റലി, സ്പൈന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളുമായും ചൈന, ജപ്പാന്‍, കൊറിയ, പാകിസ്ഥാന്‍, ഇന്ത്യ എന്നീ ഏഷ്യന്‍ രാജ്യങ്ങളുമായും ഖത്തറിനുള്ള പ്രത്യേക ബന്ധങ്ങള്‍ ഉപയോഗിച്ച് ഈ രാജ്യങ്ങളിലെ കമ്പനികളെ ക്ഷണിക്കുകയാണ് ഫ്രീ സോണ്‍ അതോറിറ്റിയുടെ ലക്ഷ്യം.


Sort by