ദുബായ് തൊഴില്‍ മേഖല കടുത്ത പ്രതിസന്ധിയില്‍: റിപ്പോര്‍ട്ട്‌

ഈയുഗം ന്യൂസ് ബ്യൂറോ     March  09, 2019   Saturday   03:12:25pm

news
ദോഹ: സാമ്പത്തിക മാന്ദ്യം മൂലം ദുബായിലെ തൊഴില്‍ മേഖല കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരു പ്രമുഖ ബാങ്കിനെ ഉദ്ധരിച്ച് അമേരിക്കന്‍ ന്യൂസ്‌ഏജന്‍സിയായ അസ്സോസിയേറ്റട് പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്തു. ഊര്‍ജ്ജ മേഖലയില്‍ ഒഴികെ മറ്റു എല്ലാ മേഖലകളിലും കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു.

ദുബായ് ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള എമിരേറ്റ്സ് എന്‍.ബി.ഡി (Emirates NBD) ബാങ്ക് 400 സ്വകാര്യ കമ്പനികളില്‍ നിന്നും ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് തൊഴില്‍മാര്‍ക്കറ്റ്‌ പ്രതിസന്ധി വിവരിക്കുന്നത്. നിര്‍മാണം, സേവനം, റീടൈല്‍ എന്നീ മേഖലകളെയെല്ലാം മാന്ദ്യം ബാധിച്ചിട്ടുണ്ട്.

"എമിരേറ്റ്സ് എന്‍.ബി.ഡി ബാങ്ക് 2009 ഓഗസ്റ്റില്‍ മാര്‍ക്കറ്റ്‌ സര്‍വ്വേ തുടങ്ങിയതിന് ശേഷം ആദ്യമായാണ്‌ കമ്പനികള്‍ ഇത്രയും കൂടുതല്‍ ജീവനക്കാരെ കുറക്കുന്നതായി കാണുന്നത്. കച്ചവടക്കാരുടെ ആത്മവിശ്വാസത്തിലും കുറവ് വന്നിട്ടുണ്ട്," റിപ്പോര്‍ട്ട്‌ പറഞ്ഞു. അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയിലുള്ള ഉണര്‍വില്ലായ്മ, മേഖലയിലെ സംഘര്‍ഷം, നികുതി എന്നിവയാണ് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചത്.

ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ദുബായ് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചതായും റിപ്പോര്‍ട്ട്‌ തെളിയിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ ഈ വര്‍ഷം മുഴുവന്‍ തുടരാനാണ് സാധ്യത എന്ന് കമ്പനികള്‍ കരുതുന്നു.

വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവ് ശമ്പള വര്‍ധനവിനെ കവച്ചുവെക്കുന്നതായും പല വിദേശ തൊഴിലാളികളും തങ്ങളുടെ ശമ്പളം ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും താമസിച്ചു ലഭിക്കുന്നതിനെക്കുറിച്ച് പരാതിപ്പെടുന്നതായും റിപ്പോര്‍ട്ട്‌ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ദുബൈയില്‍ 486 റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളും ബ്രോക്കറെജ് കമ്പനികളും അടച്ചുപൂട്ടി. അതേസമയം 2020 എക്സ്പോക്ക് വേണ്ടി നിരവധി പുതിയ ടവറുകളുടെയും ഷോപ്പിംഗ്‌ സെന്‍ററുകളുടെയും നിര്‍മാണം പുരോഗമിക്കുന്നു. ഇത് റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നു മാര്‍ക്കറ്റ്‌ വൃത്തങ്ങള്‍ പറയുന്നു.


   സെൽഫ് ഗോൾ അത്ര മാത്രം.

   ഒരു രാജ്യത്തിനെതിരിൽ അനാവശ്യ ഉപരോധം അടിച്ചേൽപ്പിച്ചപ്പോൾ എട്ടിന്റെ പണി കിട്ടുമെന്ന് ഓർക്കണമായിരുന്നു. ഇനി കിടന്നു മോങ്ങിയിട്ട് കാര്യം ഇല്ല

Sort by