ആസ്റ്ററിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന കാൻസർ ബോധവൽകരണത്തിന് തുടക്കമായി

ഈയുഗം ന്യൂസ് ബ്യൂറോ     February  18, 2019   Monday   09:51:46pm

news
ദോഹ: ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ സ്വകാര്യ ആരോഗ്യപരിപാലന രംഗത്തെ അതികായകരായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കാൻസർ ബോധവൽകരണത്തിന് തുടക്കമായി. ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്കിടയിൽ കാൻസർ രോഗപ്രതിരോധവും പരിചരണവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിച്ചെടുക്കുവാനും അതുവഴി അസുഖത്തിന്റെ ആഘാതം കുറക്കുവാനുമാണ് ആസ്റ്റർ ലക്ഷ്യമിടുന്നത്.

ഇതോടനുബന്ധിച്ച് #IamAndIWill എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് ഖത്തറിലെ വിവിധ ഭാഗങ്ങളിൽ ബോധവൽകരണപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്‌തു. ഫെബ്രുവരി ആദ്യവാരം മുതൽ ആരംഭിച്ച വിവിധ പരിപാടികളിൽ ഇതിനോടകം തന്നെ എണ്ണൂറിലധികം ആളുകൾ പങ്കെടുക്കുകയും അറുന്നൂറിലധികം ആളുകൾ കാൻസർ അവബോധവുമായി ബന്ധപ്പെട്ട് പ്രതിജ്ഞയെടുക്കുകയും ചെയ്‌തു. ഖത്തറിലെ വിവിധ അസോസിയേഷനുകൾ, സ്‌കൂളുകൾ, കോർപ്പറേറ്റുകൾ തുടങ്ങിയവയുമായി ചേർന്ന് വരും ദിവസങ്ങളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആസ്റ്റർ അധികൃതർ അറിയിച്ചു.

ലോക കാൻസർ ദിനമായ ഫെബ്രുവരി 4ന് ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് നടന്ന പദ്ധതിയുടെ ഉത്ഘാടനം, ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ, ഡോ. രഘു.കെ.ഹൈമഗളൂർ, ഖത്തറിലെ കാൻസർ ബോധവൽകരണ രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ് ഷബാൻ എന്നിവരുടെ സാമീപ്യത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഖത്തറിലെ ചീഫ് എക്സിക്കുട്ടീവ് ഓഫിസർ, ഡോ.സമീർ മൂപ്പൻ നിർവഹിച്ചു. തുടർന്ന് നടന്ന കാൻസർ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രതിജ്ഞയിൽ ആസ്റ്ററിന്റെ ഖത്തറിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരടക്കം നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

ലോകമെമ്പാടും കാൻസറുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി നാലിനാണ് ലോക കാൻസർ ദിനമായി ആചരിച്ചുവരുന്നത്. #IamAndIWill എന്നതാണ് ഈ വർഷത്തെ കാൻസർ ദിനത്തിന്റെ മുദ്രാവാക്യം. കാൻസറിനെ പ്രതിരോധിക്കുന്നതിനായി ജനങ്ങൾക്ക് സാധ്യമായ കാര്യങ്ങളെ കുറിച്ച് കൂടുതൽ പ്രചാരണം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ വർഷത്തെ അവബോധപരിപാടികൾ ലക്ഷ്യമിടുന്നത്.

നേരത്തെ തിരിച്ചറിഞ്ഞാൽ കൃത്യമായ ചികിത്സയിലൂടെയും പരിചരണങ്ങളിലൂടെയും പൂർണ്ണമായി മാറാവുന്ന ഒരു അസുഖം മാത്രമാണ് കാൻസർ എന്ന് ആസ്റ്ററിന്റെ ഖത്തറിലെ ചീഫ് എക്സിക്കുട്ടീവ് ഓഫിസർ, ഡോ.സമീർ മൂപ്പൻ അഭിപ്രായപ്പെട്ടു. ആസ്റ്റർ വളണ്ടിയർ എന്ന ആസ്റ്ററിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഖത്തറിലെ വിവിധഭാഗങ്ങളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധപരിപാടികൾ നടത്താൻ സാധിക്കുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണങ്ങൾ നിയന്ത്രിച്ചും കൃത്യമായി വ്യായാമം ചെയ്‌തും കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത മുഹമ്മദ് ഷബാൻ പറഞ്ഞു. കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിൽ ഭക്ഷണക്രമീകരണത്തിനും വ്യായാമത്തിനുമുള്ള പ്രാധാന്യവും താൻ കാൻസറിനെ അതിജീവിച്ച രീതികളെ കുറിച്ചും തന്റെ ചികിത്സാ അനുഭവങ്ങളും ഖത്തർ കാൻസർ സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം ആസ്റ്ററിലെ ജീവനക്കാരുമായി പങ്കുവെച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് 2017 ലാണ് 'ആസ്റ്റർ വളണ്ടിയർ' എന്ന സാമൂഹ്യ പ്രതിബദ്ധത പരിപാടിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഒൻപത് രാജ്യങ്ങളിൽ ആസ്റ്റർ വളണ്ടിയറിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.


Sort by