റൗദ അൽ നുഅമാൻ: മരുഭൂമിയിലെ അത്ഭുത തോട്ടം

ഈയുഗം ന്യൂസ് ബ്യൂറോ     February  10, 2019   Sunday   08:31:04pm

news
ദോഹ: ഖത്തറിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് ദോഹയിൽ നിന്നും 100 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഒരു തോട്ടമാണ് റൗദ അൽ നുഅമാൻ. സുബാറ കോട്ടയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഈ അത്ഭുത പ്രദേശത്തെക്കുറിച്ച് അൽ റയ്യാൻ ചാനൽ ഡോക്യുമെന്ററി തയ്യാറാക്കിയതോടെയാണ് പുറം ലോകമറിയുന്നതെന്ന് ഒരു അറബിക് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

നിറഞ്ഞു നിൽക്കുന്ന അരുവികളിലേക്ക് ചാഞ്ഞു കിടക്കുന്ന സിദ്ര മരങ്ങളുടെ കാഴ്ചകൾ കാണുന്ന സഞ്ചാരിക്ക് താൻ ഖത്തറിലാണോ എന്ന് ഒരു നിമിഷം സംശയം തോന്നും. അരുവികൾ മുഴുവൻ മഴവെള്ളം മൂലം രൂപപ്പെട്ടവയാണ്.

''പരേതനായ ശൈഖ് അബ്ദുല്ല ബിൻ ജാസിമാണ് ഇവിടെ കാണുന്ന സിദ്ര മരങ്ങൾ മുഴുവൻ നട്ടുപിടിപ്പിച്ചത്. എഴുപതുകളിൽ ഇവിടെ വെറും കല്ലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒഴുകുന്ന അരുവികളാണ് ഇവിടെയുള്ളത്. 1965 ല്‍ ഖത്തറിൽ പെയ്ത ശക്തമായ ഒരു മഴയിലാണ് ഈ അരുവികൾ രൂപപ്പെട്ടത്. ശക്തമായ മഴയാണ് ഒരു വർഷത്തോളം ഖത്തറിൽ അന്ന് ലഭിച്ചത്. അന്നു മുതലാണ് ഈ തോട്ടങ്ങൾ രൂപം പ്രാപിച്ചു തുടങ്ങിയത്.'' ഷബീബ് നാസിർ അൽ നഈമി എന്ന പ്രദേശവാസി അൽ റയ്യാൻ ചാനലിനോട് പറഞ്ഞു.

സിദ്ര മരങ്ങൾ കൊണ്ട് നിബിഡമാണ് ഈ സ്ഥലം. മറ്റു ഇനത്തിൽ പെട്ട ധാരാളം മരങ്ങളും പല നിറത്തിലുള്ള പുഷ്പങ്ങള്‍ ഉള്ള ചെറിയ ചെടികളും ഇവിടെയുണ്ട്. ഇവിടെ വളർന്നു പന്തലിച്ചു നിൽക്കുന്ന സിദ്ര മരങ്ങളിൽ പലതും വളരെ വലുതും നിരവധി വർഷത്തെ പ്രായം ഉള്ളവയുമാണ്. അവക്കിടയിൽ ഗുഹകൾ കാണപ്പെടുന്നു എന്നത് മറ്റൊരു അത്ഭുതമാണ്.

മരങ്ങൾ നിറഞ്ഞ, ഇരുട്ടുള്ള, വന സമാനമായ ഭാഗങ്ങൾ ഇവിടെയുള്ളതായി അൽ റായ റിപ്പോർട്ട് ചെയ്തു. ഇവയിൽ ചിലത് ഹോട്ടൽ മുറികളെ പോലെയുണ്ട്. വാരാന്ത്യ ദിനങ്ങളിൽ നിരവധി സ്വദേശികളാണ് കുടുംബ സമേതം ഈ ''കാട്ടിൽ'' വന്ന് താമസിക്കാറുള്ളത്. ഖത്തർ മരുഭൂമിയിൽ ഇത്രയും പ്രകൃതി രമണീയമായ ഒരു സുഖവാസ കേന്ദ്രം വേറെയില്ല എന്ന് പറയാം, സ്വദേശിയായ ഉമർ ഹസൻ അൽ ബുറൈഖി പറഞ്ഞു.

സന്ദർശകർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഇവിടെ സൗകര്യമില്ല എന്നത് പ്രധാന പ്രശ്‌നമായി സ്വദേശികൾ ചൂണ്ടികാട്ടുന്നു. ''കാറുകളും മോട്ടോർ സൈക്കിളുകളും കൊണ്ട് ഇവിടത്തെ പ്രകൃതി നശിപ്പിക്കുന്ന ഇപ്പോഴത്തെ അവസ്ഥക്ക് അറുതി വരുത്താൻ മുൻസിപ്പാലിറ്റി പരിസ്ഥിതി മന്ത്രലയം മുന്‍കൈ എടുക്കണം. കാറുകളും മോട്ടർ സൈക്കിളുകളും പ്രവേശിക്കാതിരിക്കാൻ ഇവിടെ ഉണ്ടാക്കിയ ഇരുമ്പ് വേലികൾ പലയിടത്തും പൊളിഞ്ഞു പോയതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം,'' ഈദ് ത്വാലിബ് അൽ കറബി പറഞ്ഞു.

2014 ൽ മുൻസിപ്പൽ മന്ത്രാലയം പ്രത്യേകമായി പരിഗണിക്കും എന്ന് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ പെട്ട റൗദ നുഅമാൻ ഇന്ന് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ ലഭിക്കാതെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ് എന്നും ഇവർ ചൂണ്ടി കാട്ടുന്നു.

news


   nice

  

Sort by