// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  10, 2019   Sunday   03:05:11pm

news



whatsapp

ദോഹ: ഖത്തറില്‍ തുടങ്ങിവെച്ച തൊഴില്‍ പരിഷ്കാരങ്ങള്‍ തുടരുമെന്നും കൂടുതല്‍ നടപ്പിലാക്കുമെന്നും ശാശ്വതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സമയമെടുക്കുമെന്നും ഖത്തര്‍ ഗവണ്മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. "കൂടുതല്‍ തൊഴില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഇതൊരു യാത്രയായാണ് ഗവണ്മെന്റ് എടുക്കുന്നത്. ഇതുവരെ ചെയ്തതെല്ലാം അവസാനത്തെ നടപടികളായിരുന്നില്ല," ഗവണ്മെന്റ് കമ്മ്യൂണികേഷന്‍സ് ഓഫീസ്‌ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 12,000 ത്തോളം കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായും പത്രക്കുറിപ്പില്‍ അറിയിച്ചു.

ഖത്തറിലെ തൊഴില്‍ മേഖലയില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്ടി ഇന്റര്‍നാഷനല്‍ നല്‍കിയ മുന്നറിയിപ്പിനുള്ള മറുപടിയായാണ് ഗവണ്മെന്റ് പ്രസ്താവനയെന്ന് അല്‍ ജസീറ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു. വിദേശ തൊഴിലാളികള്‍ ഇപ്പോഴും ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും നിര്‍ബന്ധിത ജോലിയും സഞ്ചാര സ്വാതന്ത്ര്യത്തിന് മേലെയുള്ള നിയന്ത്രണങ്ങളുമാണ് മുഖ്യ പ്രശ്നങ്ങളെന്നും ആംനസ്ടി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

"എല്ലാവര്‍ക്കും സന്തോഷിക്കാവുന്ന ഒരു (തൊഴില്‍) പാരമ്പര്യം കൊണ്ടുവരാനുള്ള വിലപ്പെട്ട സമയമാണ് ഖത്തറിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്," ആംനസ്ടിയുടെ സ്റ്റീഫന്‍ കോക്ക്ബെന്‍ പറഞ്ഞു. നിരവധി തൊഴില്‍ പരിഷ്കാരങ്ങള്‍ ഖത്തര്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ആംനസ്ടി ചൂണ്ടിക്കാട്ടി.

2022 ലോക കപ്പിന് വേദിയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ നിരന്തര നിരീക്ഷണത്തിലാണ് ഖത്തര്‍ എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട്‌ പറയുന്നു.

"പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുള്ള സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് ഞങ്ങള്‍ കരുതുന്നില്ല. ഇനിയും മാറ്റങ്ങള്‍ വേണ്ടതുണ്ട് എന്ന വസ്തുത ഖത്തര്‍ ഗവണ്മെന്റ് മനസ്സിലാക്കുന്നു. ഈ മാറ്റങ്ങള്‍ കഴിയുന്നതും നേരത്തെ കൊണ്ടുവരും. പ്രായോഗികവും ശാശ്വതവും ഫലപ്രദവുമായ തൊഴില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ സമയമെടുക്കും. ഖത്തര്‍ തൊഴില്‍ മേഖലക്ക് അനുയോജ്യമായ മാറ്റങ്ങളാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്," ഗവണ്മെന്റ് പ്രസ്താവനയില്‍ പറയുന്നു.

എക്സിറ്റ് പെര്‍മിറ്റ്‌ നിര്‍ത്തലാക്കല്‍, മിനിമം വേജ് പ്രൊട്ടക്ഷന്‍ തുടങ്ങി ഈയിടെ നടപ്പാക്കിയ നിരവധി നടപടികളും ഗവണ്മെന്റ് എടുത്തു പറഞ്ഞു.

Comments


Page 1 of 0