മഴവെള്ളം നീക്കം ചെയ്യാന്‍ പത്ത് കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മിക്കും

ഈയുഗം ന്യൂസ് ബ്യൂറോ     February  09, 2019   Saturday   03:06:09pm

news
ദോഹ: മലിനജലവും മഴവെള്ളവും കടലിലേക്ക്‌ ഒഴുക്കിക്കളയുന്നതിന് വേണ്ടി സമുദ്രത്തിന്‍റെ അടിയിലൂടെ പത്ത് കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മിക്കുമെന്നും ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അശ്ഗാല്‍ അറിയിച്ചു. ലോകത്ത് തന്നെ ഏറ്റവും നീളം കൂടിയ ഇത്തരം ടണലുകളില്‍ ഒന്നാണിത്.

മെസൈമീര്‍ പമ്പിംഗ് സ്റ്റേഷന്റെ ഭാഗമായി നിര്‍മിക്കുന്ന ടണല്‍ അശ്ഗാലിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ പദ്ധതികളില്‍ ഒന്നുമാണെന്ന് അശ്ഗാല്‍ പ്രസിഡന്റ്‌ ഡോക്ടര്‍-എഞ്ചിനീയര്‍ സാദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി പറഞ്ഞു. മലിനജലവും മഴവെള്ളവും നീക്കം ചെയ്യാന്‍ ശാശ്വതമായ ഒരു പരിഹാരമാണ് കഴിഞ്ഞ വര്‍ഷം മെയ്‌ മാസം ആരംഭിച്ച ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ദോഹയുടെ പല ഭാഗങ്ങളില്‍നിന്നും ശേഖരിക്കുന്ന മലിനജലവും മഴവെള്ളവും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ശുദ്ധീകരിച്ച് തീരത്ത് നിന്നും പത്ത് കിലോമീറ്റര്‍ ദൂരെ സമുദ്രത്തില്‍ തള്ളുകയാണ് ലക്ഷ്യം.

സമുദ്രത്തിന്‍റെ അടിഭാഗത്ത് നിന്നും 15 മീറ്റര്‍ താഴെയായിരിക്കും 3.7 മീറ്റര്‍ വ്യാസമുള്ള തുരങ്കം നിര്‍മിക്കുക. "ഇത് വളരെ പ്രയാസമേറിയ ജോലിയാണ്. പ്രത്യേകം പരിശീലനം ലഭിച്ച ജോലിക്കാരും പ്രത്യേകം ഡ്രില്ലിംഗ് മെഷീനുകളുമാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.

എഞ്ചിനീയര്‍മാര്‍ക്കും ജോലിക്കാര്‍ക്കും പരമാവധി സുരക്ഷ നല്‍കുന്ന അത്യാധുനിക ബോറിംഗ് മഷിനുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്," എഞ്ചിനീയര്‍ ഖാലിദ്‌ അല്‍ ഖയാരിന്‍ പറഞ്ഞു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വെള്ളം തുരങ്കത്തില്‍ പ്രവേശിക്കാതിരിക്കാനുള്ള സംവിധാനവും അടിയന്തിര ഘട്ടങ്ങളില്‍ ജീവനക്കാരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള അറകളും അടങ്ങിയ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് ജോലി ആരംഭിച്ചത്.

2021 അവസാനം പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ചെലവ് 920 മില്ല്യന്‍ റിയാല്‍ ആണ്.


  

Sort by