ഹലാല്‍ ഫെസ്ടിവല്‍: രണ്ടര ലക്ഷം റിയാലിന് സിറിയന്‍ ആടിനെ ലേലത്തില്‍ വിറ്റു

ഈയുഗം ന്യൂസ് ബ്യൂറോ     February  09, 2019   Saturday   01:32:28pm

news
ദോഹ: കതാറയില്‍ നടക്കുന്ന ഹലാല്‍ ഫെസ്ടിവലില്‍ ഒരു സിറിയന്‍ ആടിനെ രണ്ടര ലക്ഷം റിയാലിന് ലേലത്തില്‍ വിറ്റു. സൗന്ദര്യവും അപൂര്‍വ ഗുണങ്ങളുമുള്ള ആടിനെ സ്വന്തമാക്കാന്‍ ലേലത്തില്‍ പങ്കെടുത്തവര്‍ക്കിടയില്‍ നടന്ന കടുത്ത മത്സരമാണ്‌ വില രണ്ടര ലക്ഷം റിയാലില്‍ എത്തിച്ചത്.

ഫെബ്രുവരി രണ്ടിന് തുടങ്ങിയ ഹലാല്‍ ഫെസ്ടിവല്‍ നാളെ അവസാനിക്കും. ഓരോ ദിവസവും നല്ല ഇനത്തില്‍പ്പെട്ട ആടുകളുടെ ലേലം നടക്കുന്നുണ്ട്. നിരവധി ആളുകളാണ് ദിവസേന ഫെസ്ടിവല്‍ സന്ദര്‍ശിക്കുന്നത്.

പത്തു മുതല്‍ പതിനാലു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തിയ 'കൊച്ചു ആട്ടിടയന്‍' മത്സരമായിരുന്നു ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ പ്രത്യേകത. ഒരു യഥാര്‍ത്ഥ ആട്ടിടയന്‍റെ ജോലികള്‍ നിര്‍വഹിക്കുക എന്നതാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത്. ആട് വളര്‍ത്തുന്നതിനെക്കുറിച്ചുള്ള അറിവും പരീക്ഷിക്കപ്പെടും.

ഖത്തറിന്റെ പാരമ്പര്യത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവല്‍ക്കരിക്കുക എന്നതാണ് വര്‍ഷം തോറും നടത്തിവരുന്ന ഹലാല്‍ ഫെസ്റ്റിവലിന്റെ ലക്ഷ്യം. അയല്‍രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് ഓരോ വര്‍ഷവും ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ആടുകളുമായി എത്തുന്നത്‌.


Sort by