ഈ വര്‍ഷം അഞ്ചു പുതിയ മാളുകള്‍; വാടക കുറയും

ഈയുഗം ന്യൂസ് ബ്യൂറോ     February  07, 2019   Thursday   02:32:06pm

news
ദോഹ: ഖത്തറില്‍ ഈ വര്‍ഷം അഞ്ചു പുതിയ മാളുകള്‍ തുറക്കുമെന്നും അമിതലഭ്യത മൂലം വാടക കുറയാന്‍ സാധ്യതയുണ്ടെന്നും ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി പറഞ്ഞു.

"മൊത്തം ഒന്‍പതു പുതിയ മാളുകള്‍ നിര്‍മാണത്തിലാണ്. ഇവയില്‍ ഏഴര ലക്ഷം സ്ക്വയര്‍ മീറ്റര്‍ സ്പേസ് വാടകയ്ക്ക് ലഭ്യമാണ്. അമിതലഭ്യത ഭൂരിപക്ഷം മാളുകളിലെ വാടകയെയും അവയിലെ കടകളുടെ എണ്ണത്തേയും ബാധിച്ചിട്ടുണ്ട്," ഡി.ടി.സെഡ് ഖത്തര്‍ (DTZ Qatar) പറഞ്ഞു. ദോഹ മാള്‍, കതാറ മാള്‍, നോര്‍ത്ത് ഗേറ്റ് മാള്‍, ലാ ഗലേറിയ, ദോഹ സൂക് എന്നിയയാണ് ഈ വര്‍ഷം തുറക്കുന്ന മാളുകള്‍. മൂന്നര ലക്ഷം സ്ക്വയര്‍ മീറ്റര്‍ സ്പേസ് ഈ മാളുകളില്‍ ലഭ്യമാണ്. ഖത്തറില്‍ ഏറ്റവും അവസാനം തുറന്നത് തവാര്‍ മാള്‍ ആണ്.

ദോഹ, അല്‍ ഖോര്‍, അല്‍ വക്ര എന്നീ സ്ഥലങ്ങളില്‍ 2015 ശേഷം 13 പുതിയ മാളുകള്‍ തുറന്നു. ഇതിന്റെ ഫലമായി വാടകക്ക് ലഭ്യമായ റീടൈല്‍ സ്പേസിന്‍റെ അളവ് ഇരട്ടിയായി. അതേസമയം ഖത്തറില്‍ ജനസംഖ്യയില്‍ ആനുപാതികമായ വര്‍ധനവ്‌ ഇല്ലാത്തതും ഉപരോധത്തിന് ശേഷം സ്വദേശികളടക്കം ചെലവ് ചുരുക്കിയതും സൂപ്പര്‍മാര്‍കറ്റുകളിലെയും മാളുകളിലെയും ബിസിനസ്സിനെ കാര്യമായി ബാധിച്ചു. ഒഴിവു ദിനങ്ങളില്‍ പോലും ചില മാളുകളുടെ പാര്‍ക്കിംഗ് സ്ഥലം കാലിയായിക്കിടക്കുന്ന കാഴ്ച ഇപ്പോള്‍ സാധാരണമാണ്.

"പുതിയ മാളുകളില്‍ ഭക്ഷണ ശാലകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ലഭിച്ച കൂടുതല്‍ അന്വേഷണങ്ങളും ഭക്ഷണ ശാലകള്‍ക്കു വേണ്ടിയായിരുന്നു. പ്രധാനപ്പെട്ട മാളുകളില്‍ ഒരു സ്ക്വയര്‍ മീറ്ററിന് 250 മുതല്‍ 350 റിയാല്‍ വരെയാണ് ഒരു മാസം വാടക. പല മാളുകളും വാടക കുറച്ചുകൊണ്ടിരിക്കുന്നു," ഡി.ടി.സെഡ് ഖത്തര്‍ (DTZ Qatar) പറഞ്ഞു.

കൂടുതല്‍ വിനോദ സൗകര്യങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും നല്‍കുന്നതും നിരവധി ഭക്ഷണ ശാലകള്‍ ഉള്ളതുമായ മാളുകള്‍ക്കായിരിക്കും മാര്‍കെറ്റില്‍ ഇനി കൂടുതല്‍ സാധ്യത.


Sort by