ഖത്തര്‍ എയര്‍വയ്സ് വിമാനങ്ങളുടെ പഴക്കം അഞ്ചു വര്‍ഷം മാത്രം: അല്‍ ബാകെര്‍

ഈയുഗം ന്യൂസ് ബ്യൂറോ     February  06, 2019   Wednesday   02:54:50pm

news
ദോഹ: ഖത്തര്‍ എയര്‍വയ്സ് ഉപയോഗിക്കുന്ന വിമാനങ്ങളുടെ ശരാശരി പഴക്കം അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രമാണെന്നും ഓരോ പത്തു ദിവസവും ശരാശരി ഒരു പുതിയ വിമാനം എയര്‍ലൈന്‍ വാങ്ങുന്നുണ്ടെന്നും ഖത്തര്‍ എയര്‍വയ്സ്സ് സി.ഇ.ഓ അക്ബര്‍ അല്‍ ബാകെര്‍ പറഞ്ഞു.

അതായത് ഖത്തര്‍ എയര്‍വയ്സ്സ് വാങ്ങുന്ന ഒരു പുതിയ വിമാനം അഞ്ചു വര്‍ഷം മാത്രമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ഒരേ ഒരു എയര്‍ലൈന്‍ ഖത്തര്‍ എയര്‍വയ്സ്സ് മാത്രമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ദോഹയില്‍ നടക്കുന്ന വ്യോമയാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അല്‍ ബാകെര്‍ ഇക്കാര്യം പറഞ്ഞത്.

ലോകത്തിലെ നാലാമത്തെ വലിയ എയര്‍ലൈന്‍ കമ്പനിയായ അമേരിക്കയിലെ യുനൈറ്റട് എയര്‍ലൈന്‍സും കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍ കാനഡയും 14 വര്‍ഷം വരെ പഴക്കം ചെന്ന വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് ലണ്ടനിലെ ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഒരു വിമാനം ശരാശരി 25 വര്‍ഷം വരെ ഉപയോഗിക്കാമെന്ന് ഒരു പൈലറ്റിനെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

"ഖത്തര്‍ എയര്‍വയ്സ്സ് കഴിഞ്ഞ വര്‍ഷം 25 പുതിയ വിമാനങ്ങള്‍ വാങ്ങി. ഞങ്ങള്‍ക്ക് ഇപ്പോള്‍ 230 വിമാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം 25 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങി," അല്‍ ബാകെര്‍ പറഞ്ഞു. 160 റൂട്ടുകളില്‍ കമ്പനി ഇപ്പോള്‍ സര്‍വീസ് നടത്തുന്നു. വിവിധ രാജ്യങ്ങളിലായി 46,000 പേര്‍ ഖത്തര്‍ എയര്‍വയ്സ്സില്‍ ജോലി ചെയ്യുന്നു.


Sort by