ഖത്തര്‍ ജെര്‍സി ധരിച്ചതിന് ബ്രിട്ടീഷ്‌ പൗരനെ യു.എ.ഇ യില്‍ അറസ്റ്റ് ചെയ്തു

ഈയുഗം ന്യൂസ് ബ്യൂറോ     February  05, 2019   Tuesday   09:12:09pm

news

അലി ഇസ്സ അഹമദ്.
ദോഹ: ഖത്തറിന്റെ ഫുട്ബോള്‍ ജെര്‍സി ധരിച്ചതിന് ഒരു ബ്രിട്ടീഷ്‌ പൗരനെ യു.എ.ഇ യില്‍ അറസ്റ്റ് ചെയ്തതായി ദി ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

അലി ഇസ്സ അഹമദ് (26) എന്നയാളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒഴിവ് ദിനങ്ങള്‍ ചിലവഴിക്കാന്‍ യു.എ.ഇ യില്‍ എത്തിയ അലി ഇസ്സ അബുദാബിയില്‍ നടന്ന ഖത്തര്‍-ഇറാഖ് മത്സരം കാണാന്‍ ടിക്കറ്റ്‌ എടുക്കുകയും കളി കാണാന്‍ ഒരു ഖത്തര്‍ ജെര്‍സി ധരിച്ചു എത്തുകയും ചെയ്തു എന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഖത്തറിനെ പിന്തുണക്കുന്നത് യു.എ.ഇ നിയമപ്രകാരം തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നറിയാതെയാണ് അലി ഇസ്സ ഖത്തര്‍ ജെര്‍സി ധരിച്ചത്.

ഖത്തറിനെ പ്രൊമോട്ട് ചെയ്യുന്നു എന്ന കുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്തതായും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായും അഹമദ് സുഹൃത്തിനോട്‌ പറഞ്ഞു.

ജനുവരി 22 നായിരുന്നു ഖത്തര്‍ ഇറാഖ് മത്സരം. അറസ്റ്റ് ചെയ്യപ്പെട്ട ഇസ്സക്ക് ജനുവരി 31 ന് ഒരു ഫോണ്‍ ചെയ്യാനുള്ള അനുമതി ലഭിച്ചു. തന്‍റെ സുഹൃത്തായ അമര്‍ ലോകിയയെ വിളിച്ച് അദ്ദേഹം താന്‍ തടവിലാണെന്ന വിവരം അറിയിച്ചു.

"ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഫുട്ബോള്‍ മത്സരം കാണാന്‍ പോയ ഒരാളെ അറസ്റ്റ് ചെയ്യുന്നു! അദ്ദേഹം എന്നെ വിളിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു. അല്‍പസമയം മാത്രമേ സംസാരിക്കാന്‍ സാധിച്ചുള്ളൂ," ഇസ്സയുടെ സുഹൃത്ത്‌ അമര്‍ ലോകിയ പറഞ്ഞു.

ഇസ്സയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിട്ടയച്ചെങ്കിലും തന്നെ മര്‍ദിച്ചതിനെതിരെ പരാതി പറയാന്‍ പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ വീണ്ടും തടഞ്ഞുവെച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കഥകള്‍ ഉണ്ടാക്കി എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള പുതിയ കുറ്റം. ഒരു ഫുട്ബോള്‍ മത്സരം കണ്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇസ്സ.

"യു.എ.ഇ യില്‍ അറസ്റ്റ് ചെയ്യപ്പെട്ട പൌരന് ഞങ്ങള്‍ ആവശ്യമായ കോണ്‍സുലര്‍ സേവനം നല്‍കിക്കൊണ്ടിരിക്കുന്നു. യു.എ.ഇ അധികാരികളുമായി ഞങ്ങള്‍ ബന്ധപ്പെട്ട്കൊണ്ടിരിക്കുകയാണ്," ഒരു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയ വക്താവ് ലണ്ടനില്‍ പറഞ്ഞു.


  

Sort by