// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  01, 2019   Friday   12:13:10am

news



whatsapp

ദോഹ: 2022 ലോക കപ്പിന് വേദിയാകാന്‍ ഖത്തറിനെ തിരഞ്ഞെടുത്തപ്പോള്‍ ഖത്തറിന്റെ ഫുട്ബോള്‍ പാരമ്പര്യം ചോദ്യം ചെയ്ത ലോകമെമ്പാടുമുള്ള വിമര്‍ശകര്‍ക്ക് ഈ കൊച്ചു രാജ്യം ഇന്ന് ചെകിടടപ്പന്‍ മറുപടി നല്‍കി.

ചരിത്രത്തില്‍ ആദ്യമായി എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് ഖത്തര്‍ ഏഷ്യന്‍ ഫുട്ബാളിലെ രാജാക്കന്‍മാരായി. നാല് പ്രാവശ്യം ജേതാക്കളായ ജപ്പാനെ ശത്രു രാജ്യത്തിന്‍റെ മണ്ണില്‍ 3:1 ന് പരാജയപ്പെടുത്തിയാണ് ഖത്തര്‍ ടീം ഇന്ന് രാജ്യത്തിന്റെ പതാക ഏഷ്യക്ക് മുകളില്‍ പറത്തിയത്.

മാച്ച് തീരുന്നതിന് മുമ്പ് തന്നെ വിജയം സുനിശ്ചിതമായതോടെ പ്രവാസികളും സ്വദേശികളും റോഡുകളിലേക്കും കോര്‍ണിഷിലേക്കും ഒഴുകി. ആര്‍ത്തുവിളിച്ചും ഹോണടിച്ചും പാട്ടുപാടിയും നൃത്തം ചവിട്ടിയും അവര്‍ ആഘോഷിച്ചു. പക്ഷേ എത്ര ആഘോഷിച്ചാലും മതിവരാത്ത ഈ വിജയത്തിന്‍റെ ലഹരിയിലായിരിക്കും വരും ദിവസങ്ങളില്‍ ഖത്തര്‍. ലോക കപ്പിന് തയ്യാറെടുക്കുന്ന ഒരു രാജ്യത്തിന് ഇതിനെക്കാള്‍ വലിയ മറ്റൊരു സമ്മാനമില്ല.

രാജ്യത്തിന്‍റെ വിജയം ഖത്തറിലെ മലയാളികളും ആഘോഷിച്ചു. മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലെ മലയാളികള്‍ക്ക് മുമ്പില്‍ അവര്‍ സമൂഹ മാധ്യമങ്ങളില്‍ ആനന്ദ നൃത്തം ചെയ്തു.

ഖത്തര്‍ ടീം നാളെ ദോഹയില്‍ എത്തുമ്പോള്‍ പതിനായിരക്കണക്കിന് ആരാധകരുടെ സ്വീകരണമായിരിക്കും ഏറ്റുവാങ്ങുക എന്ന് എ.എഫ്. പി റിപ്പോര്‍ട്ട്‌ ചെയ്തു.

ചരിത്രം സൃഷ്ടിച്ച ഖത്തര്‍ താരങ്ങളെ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി അഭിനന്ദിച്ചു. "ഈ ടൂര്‍ണമെന്റ് അറബ് ലോകത്തിന്‍റെ നേട്ടമാക്കിയ ഹീറോകള്‍ക്ക് നന്ദി. അറബ് ലോകത്തിലെ ദശലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്‌നങ്ങള്‍ അവര്‍ യാഥാര്‍ഥ്യമാക്കി," അമീര്‍ ട്വീറ്റ് ചെയ്തു. "ഖത്തര്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്ത ഖത്തറിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി. ഇന്ന് നമ്മള്‍ ചരിത്രം കുറിച്ചു. ഇത് വളരെ മഹത്തായ വിജയമാണ്," ഖത്തര്‍ കോച്ച് ഫെലിക്സ് സാന്‍ചെസ്സ് പറഞ്ഞു.

12 ആം മിനിറ്റില്‍ അല്മോസ് അലിയാണ് ഖത്തറിന് വേണ്ടി ആദ്യത്തെ ഗോള്‍ നേടിയത്. യൂ.എ.ഇ ക്കുള്ള പ്രതികാരം കൂടിയായിരുന്നു ആ ഗോള്‍. ഖത്തറിന് വേണ്ടി കളിക്കാന്‍ സുഡാനില്‍ ജനിച്ച അലിക്ക് യോഗ്യതയില്ലെന്ന യൂ.എ.ഇ യുടെ പരാതി ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറഷന്‍ തള്ളിയത്. അബ്ദുല്‍ അസീസ്‌ അല്‍ ഹാതിം ഖത്തറിന് വേണ്ടി രണ്ടാമത്തെ ഗോളും അക്രം അഫീഫ് മൂന്നാമത്തെ ഗോളും നേടി.

അതേസമയം ഖത്തറിന്റെ വിജയം യു.എ.ഇ യിലെ മുഖ്യധാരാ മാധ്യമങ്ങളെ വിഷമിപ്പിച്ചു. തലക്കെട്ടുകള്‍ നല്‍കാനാവാതെ ചില പത്രങ്ങള്‍ ബുദ്ധിമുട്ടി. ദുബായിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ ഗള്‍ഫ്‌ ന്യൂസ്‌ നല്‍കിയ തലക്കെട്ട്‌ ഇങ്ങിനെ: "നിര്‍ഭാഗ്യവാന്‍മാരായ ജപ്പാന്‍ ടീം ഏഷ്യന്‍ കപ്പ്‌ ഫൈനലില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല (Unlucky Japan come up short in Asian Cup final).

വിമാനമാര്‍ഗം ഒരു മണിക്കൂറിനുള്ളില്‍ യു.എ.ഇ യില്‍ എത്തേണ്ടിയിരുന്ന ഖത്തര്‍ ഫുട്ബാള്‍ ടീം ഉപരോധം മൂലം കുവൈറ്റ്‌ വഴി അഞ്ചു മണിക്കൂറിലധികം പറന്നാണ് അബുദാബിയില്‍ എത്തിയത്. പക്ഷേ ചരിത്ര വിജയത്തിലേക്കുള്ള യാത്രയായിരുന്നു അത് എന്ന് ആരും കരുതിയിരുന്നില്ല.

Comments


Page 1 of 0