// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  31, 2019   Thursday   03:35:18pm

news



whatsapp

ദോഹ: ഏഷ്യന്‍ കപ്പില്‍ നിന്നും ഖത്തറിനെ പുറത്താക്കാന്‍ യൂ.എ.ഇ ശ്രമം നടത്തുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു. യോഗ്യരല്ലാത്ത കളിക്കാരെ ഉപയോഗിച്ചാണ് ഖത്തര്‍ ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതെന്നാണ് യു.എ.ഇ വാദം.

അതേസമയം രണ്ടു പ്രമുഖ ഖത്തര്‍ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറഷന് (എ.എഫ്.സി) യു.എ.ഇ പരാതി നല്‍കിയതായും കോണ്‍ഫെഡറഷന്‍ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചതായും ഗള്‍ഫ്‌ ന്യൂസ്‌ ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. സുഡാനില്‍ ജനിച്ച അല്മോസ് അലി, ഇറാഖില്‍ ജനിച്ച ബസം അല്‍ റാവി എന്നീ രണ്ടു കളിക്കര്‍ക്കെതിരെയാണ് പരാതി. ഒരു ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ കളിക്കാര്‍ ആ രാജ്യത്ത് തുടര്‍ച്ചയായി അഞ്ചു വര്‍ഷം താമസിക്കണമെന്ന് എ.എഫ്.സി നിയമമുണ്ടെന്നും ഈ നിയമം ഖത്തര്‍ ഈ രണ്ട് കളിക്കാരുടെ കേസില്‍ ലംഘിച്ചു എന്നുമാണ് യു.എ.ഇ പരാതിയില്‍ പറയുന്നത്.

പരാതി തള്ളുന്നതായി ഖത്തര്‍ കോച്ച് ഫെലിക്സ് സാഞ്ചസ് പറഞ്ഞു. "നാളെ ഞങ്ങള്‍ക്ക് ഒരു കളിയും കൂടിയുണ്ട്. അതില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. ഫുട്ബോളുമായി ബന്ധമില്ലാത്ത ഒരു വിഷയവും ഞങ്ങളെ ബാധിക്കുന്നില്ല," അദ്ദേഹം പറഞ്ഞു.

യു.എ.ഇ നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. "സെമി ഫൈനലില്‍ തോല്‍ക്കുന്നത് വരെ യു.എ ഇ ക്ക് ഇത് പ്രശ്നമായിരുന്നില്ലേ? ഫൈനലില്‍ അവര്‍ മത്സരിക്കണമെന്നാണോ അവരുടെ ആവശ്യം? യോഗ്യരല്ലാത്ത കളിക്കാര്‍ കളിച്ച മറ്റു ടീമുകളെക്കുറിച്ച് എന്ത് പറയുന്നു?" ട്വിറ്റെറില്‍ ജിമ്മി യീ എന്നയാള്‍ ചോദിച്ചു.

രണ്ടു കളിക്കാര്‍ക്കും ഖത്തറില്‍ ജനിച്ച ബന്ധുക്കള്‍ ഉണ്ടെന്നും ഇത് ഖത്തറിന് വേണ്ടി കളിക്കാന്‍ അവരെ യോഗ്യരാക്കുന്നുവെന്നും ഖത്തര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു. രണ്ട് താരങ്ങളും ആരോപണം നിഷേധിച്ചു.

Comments


Page 1 of 0