// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  27, 2019   Sunday   03:07:38pm

news



whatsapp

ദോഹ: ജൂണില്‍ ബ്രസിലില്‍ തുടങ്ങുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഖത്തര്‍ പങ്കെടുക്കുന്നതിനെ പരിഹസിച്ച സൗദി പത്രത്തിനെതിരെ വായനക്കാരുടെ ട്രോള്‍ മഴ. ട്വിറ്ററില്‍ 13 മില്ല്യന്‍ ഫോളോവേര്‍സ് ഉള്ള സബ്ക് എന്ന ഓണ്‍ലൈന്‍ പത്രമാണ്‌ ഖത്തറിനെ വിമര്‍ശിച്ച് ഇളിഭ്യരായത് എന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഖത്തര്‍ പങ്കെടുക്കുന്നതിനെതിരെ തെക്കന്‍ അമേരിക്കയില്‍ പ്രതിഷേധമുണ്ടെന്നും അമേരിക്കയില്‍ നിന്നും വളരെ ദൂരെ സ്ഥിതിചെയ്യുന്ന ഖത്തര്‍ എങ്ങിനെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നുമാണ് സബ്ക് പരിഹസിച്ചത്‌.

റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന സൗദി ട്രോളര്‍മാര്‍ സൗദി മാധ്യമങ്ങളെ കണക്കിന് പരിഹസിക്കുക മാത്രമല്ല ഫുട്ബോളില്‍ ഖത്തറിന്റെ ആശ്ചര്യകരമായ മുന്നേറ്റത്തെ അഭിനന്ദിക്കാനും അവസരം ഉപയോഗിച്ചു.

"നമ്മുടെ ടീം ഏഷ്യന്‍ കപ്പ്‌ രണ്ടാം റൌണ്ടില്‍ പുറത്തായി. പക്ഷെ അത് നമ്മുടെ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തിയില്ല. പരാജയപ്പെട്ട സ്പോര്‍ട്സ് ഉദ്യോഗസ്ഥരെ പുകഴ്ത്തുക മാത്രമാണ് അവര്‍ ചെയ്തത്," ഖത്തറിനെ വിമര്‍ശിച്ചതിനെതിരെ ബന്ദര്‍ എന്നയാള്‍ ട്വിറ്റെറില്‍ കുറിച്ചു.

"ഖത്തറികള്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. അവര്‍ വേള്‍ഡ് കപ്പ്‌ സംഘടിപ്പിക്കും. കോപ്പ അമേരിക്കയില്‍ കളിക്കും. ഏഷ്യന്‍ കപ്പില്‍ സെമി ഫൈനലിലും എത്തി. മാത്രമല്ല ഏറ്റവും വലിയ സ്പോര്‍ട്സ്ചാനല്‍ അവരുടെ ഉടമസ്ഥതയിലാണ്. നമ്മള്‍ എവിടെ, അവര്‍ എവിടെ," മുഹമ്മദ്‌ എഴുതി.

"സൗദി മാധ്യമങ്ങള്‍ക്ക് ഇപ്പോഴും പ്രായപൂര്‍ത്തി ആയിട്ടില്ല എന്നാണു സബ്ക് റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്," മറ്റൊരാള്‍ എഴുതി. വെറുപ്പും വിദ്വേഷവും ഉണ്ടായാല്‍ ഇതാണ് സംഭവിക്കുക. ഖത്തര്‍ ടീമിന് അഭിനന്ദനങ്ങള്‍. ഏഷ്യന്‍ കപ്പില്‍ നിങ്ങള്‍ വിജയിക്കട്ടെ, മന്‍സൂര്‍ എന്നയാള്‍ എഴുതി.

ബുദ്ധിശൂന്യര്‍ നടത്തുന്ന വിഡ്ഢി മാധ്യമങ്ങളാണ് നമ്മള്‍ക്കുള്ളത്. ഖത്തറികള്‍ നമ്മുടെ സഹോദരന്മാരാണ്. ഭരണ കര്‍ത്താക്കള്‍ ഉണ്ടാക്കിയ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് നമ്മള്‍ തമ്മിലുള്ളത്, സാഹിര്‍ ഹാഷിം എഴുതി.

ബ്രസിലില്‍ ജൂണ്‍ 14 ന് ടൂര്‍ണമെന്റ് തുടങ്ങും. വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണ് കോപ്പ അമേരിക്കയില്‍ കളിക്കാന്‍ ക്ഷണിക്കപ്പെടുക വഴി ഖത്തറിന് ലഭിച്ചത്. ആദ്ദ്യമായിട്ടാണ് ഏഷ്യക്ക് പുറത്ത് ഒരു ടൂര്‍ണമെന്റില്‍ ഖത്തര്‍ ടീം മത്സരിക്കുന്നത്.

സൌത്ത് അമേരിക്കന്‍ ഫുട്ബാള്‍ അസോസിയഷനില്‍ പത്ത് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. ടീമുകളുടെ എണ്ണം കുറവായതിനാല്‍ ഓരോ ടൂര്‍ണമെന്റിലും പുറത്തു നിന്നും രണ്ടു ടീമുകളെ അസോസിയഷന്‍ അതിഥികളായി ക്ഷണിക്കും. ഖത്തറും ജപ്പാനുമാണ് ഈ വര്‍ഷത്തെ അതിഥികള്‍. അര്‍ജന്റീന, കൊളംബിയ, പരാഗ്വേ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് ബി യിലാണ് ഖത്തര്‍. ജൂണ്‍ 16 ന് പരാഗ്വേയുമായിട്ടാണ് ഖത്തറിന്റെ ആദ്യ മത്സരം. ജൂണ്‍ 23 ന് അര്‍ജന്റീനയുമായി ഏറ്റുമുട്ടും.

ഫുട്ബോളിലെ ലോക ചാമ്പ്യന്‍മാരുമായി മത്സരിക്കുക വഴി വേള്‍ഡ് കപ്പ്‌ മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്ന ഖത്തര്‍ ടീം കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കും.

Comments


Page 1 of 0