// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  24, 2019   Thursday   02:01:10pm

news



whatsapp

ദോഹ: സൗദി സഖ്യ രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം 20 മാസം പിന്നിടുമ്പോൾ പ്രശ്ന പരിഹാര സാധ്യത വിദൂരമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‍മാൻ അൽ താനി പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങളിൽ യാതൊരു പോരോഗതിയും ഇല്ല. പ്രതിസന്ധി അടുത്ത കാലത്ത് പരിഹരിക്കപ്പെടുന്നതിനോ ഉപരോധം അവസാനിക്കുന്നതിനോ ഉള്ള യാതൊരു ലക്ഷണവും ഇപ്പോൾ ദൃശ്യമല്ല. അവസാനം നടന്ന ജി.സി. സി ഉച്ചകോടിയിലോ അതിനു ശേഷമോ ഇക്കാര്യത്തിൽ യാതൊരു ചുവടുവെപ്പുകളും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഉപരോധ രാഷ്ട്രങ്ങൾ അവരുടെ ദാര്‍ഷ്ട്യം തുടരുകയാണെന്നും അമേരിക്കൻ മാധ്യമമായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

അവാസനത്തെ ഉച്ചകോടിയിൽ ഒരു പരിഹാര സാധ്യത എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. പ്രശ്‌നം പരിഹരിക്കപ്പെടണമെങ്കിൽ ആദ്യം ആത്മാര്‍ത്ഥതയാണ് വേണ്ടത്. അവരാണ് ഇക്കാര്യത്തിൽ ആത്മ വിചാരണക്ക് ഒരുങ്ങേണ്ടത്. കുവൈറ്റ് അമീർ നടത്തിയ മുഴുവൻ പരിഹാര ശ്രമങ്ങളോടും അവർ പുറം തിരിഞ്ഞു നിന്നു. കുവൈറ്റ് മധ്യസ്ഥ ശ്രമങ്ങളെ അംഗീകരിക്കാൻ പോലും അവര്‍ തയ്യാറായില്ല.

ഇറാൻ, തുർക്കി, ഇറാഖ് എന്നിവരുമായി സഹകരിച്ചു കൊണ്ട് പുതിയ ഒരു കൂട്ടായ്മാക്ക് ഖത്തർ ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചു: "ഈ മൂന്ന് രാജ്യങ്ങളുമായുള്ള ബന്ധം ജി.സി.സി യിൽ ഖത്തർ ഇതുവരെ വഹിച്ചു പോന്ന മഹത്തായ പങ്കിൽ നിന്നുള്ള പിൻവാങ്ങലായി കാണുന്നത് ശരിയല്ല. ഇറാൻ, ഇറാഖ്, തുർക്കി ഈ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രങ്ങളാണ്. അവരുമായി നല്ല ബന്ധം ഉണ്ടാകുക എന്നത് നല്ല കാര്യമായല്ലേ നിരീക്ഷിക്കപ്പെടേണ്ടത്? ഖത്തർ പല രാജ്യങ്ങളുമായും പുതിയ ബന്ധങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. അതെല്ലാം ഖത്തർ വിദേശ നയവുമായി ബന്ധപ്പെട്ട സ്വാഭാവിക കാര്യങ്ങൾ മാത്രമാണ്.''

ഉപരോധം ഇരുപതാം മാസത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ ജനുവരി വരെ ഉപരോധ രാജ്യങ്ങൾ ലോക കോടതിയുടെ 745 ഉത്തരവുകള്‍ ലംഘിച്ചതായി ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. അലി ബിൻ സുമൈഖ് അൽ മരി പറഞ്ഞു.