// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  23, 2019   Wednesday   09:53:05pm

news



whatsapp

ദോഹ: ട്രോളര്‍മാര്‍ക്ക് ചുട്ട മറുപടിയുമായി ഖത്തര്‍ ഫുട്ബോള്‍ താരമായ ബസ്സം അല്‍ റാവി. ഖത്തറും ഇറാഖും തമ്മില്‍ ഇന്നലെ അബുദാബിയില്‍ നടന്ന ഏഷ്യന്‍ കപ്പ്‌ മത്സരത്തില്‍ ഖത്തറിനെ വിജയത്തിലെത്തിച്ചത് ബസ്സം അല്‍ റാവിയുടെ ഏക ഗോളായിരുന്നു.

പക്ഷേ ഇറാഖില്‍ ജനിച്ച അല്‍ റാവി സ്വന്തം നാടിനെതിരെ ഗോളടിച്ച് സ്റ്റേഡിയത്തില്‍ വെച്ച് ആഘോഷിച്ചതിനെതിരെ ഇറാഖി, അറബ് ട്രോളര്‍മാര്‍ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു. ഇതിനെതിരെയാണ് അല്‍ റാവി രംഗത്ത് വന്നത്.

"ഇന്നലെ എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാച്ച് ആണ് ഞാന്‍ കളിച്ചത്. മാത്രമല്ല ഫുട്ബാള്‍ കളിക്കാന്‍ തുടങ്ങിയത് മുതല്‍ക്കുള്ള ഏറ്റവും പ്രാധാനപ്പെട്ട ഗോളാണ് ഇന്നലെ ഞാന്‍ അടിച്ചത്," ബസ്സം അല്‍ റാവി ട്വീറ്റ് ചെയ്തു.

"ഞാന്‍ ഇറാഖിലാണ് ജനിച്ചത്‌. ഒരു ഇറാഖി കുടുംബത്തില്‍ ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ ഖത്തറില്‍ ആണ് ഞാന്‍ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയത്. ഇവിടെയാണ്‌ ഞാന്‍ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഖത്തറിലെ ആസ്പയര്‍ അക്കാഡമിയില്‍ ചേര്‍ന്നു. അല്‍ റയ്യാന്‍ ക്ലബ്ബില്‍ ചേര്‍ന്നതിന് ശേഷം സ്പൈനിലെ സെല്‍റ്റ വിഗോ ക്ലബ്ബില്‍ അയച്ച് അവര്‍ എനിക്ക് പരിശീലനം നല്‍കി. ഖത്തറിനെ ഞാന്‍ സ്നേഹിക്കുന്നു. ഖത്തര്‍ എനിക്ക് നല്‍കിയ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. ഒരു ഇറാഖി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നതിനോടൊപ്പം ഖത്തര്‍ ടീമില്‍ കളിക്കാന്‍ സാധിച്ചതിലും ഞാന്‍ അഭിമാനിക്കുന്നു," അദ്ദേഹം ട്വീറ്റ് ചെയ്തു.

ട്രോളര്‍മാര്‍ക്കുള്ള അല്‍ റാവിയുടെ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. ഇറാഖിനെതിരെ ഗോള്‍ അടിച്ചതിന് ശേഷം സ്റ്റേഡിയത്തില്‍ വെച്ച് ആഘോഷിച്ചതിനെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചു. "എന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ സ്‌കോര്‍ ചെയ്തതിന് ശേഷം എനിക്ക് ആഘോഷിക്കാന്‍ അവകാശമുണ്ട്‌. "

ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ്‌ ഇ യില്‍ ഖത്തര്‍ ആണ് ടോപ്പര്‍. ലെബനന്‍, നോര്‍ത്ത് കൊറിയ, സൌദി അറേബ്യ, ഇറാഖ് എന്നീ നാല് ടീമുകളെയും ഖത്തര്‍ പരാജയപ്പെടുത്തി.

വെള്ളിയാഴ്ച കോര്‍ട്ടര്‍ ഫൈനലില്‍ ഖത്തര്‍ സൗത്ത്കൊറിയയുമായി ഏറ്റുമുട്ടും. ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ കപ്പ്‌ നേടാന്‍ ഖത്തറിന് കഴിയുമെന്ന് ഖത്തര്‍ കോച്ച് ഫെലിക്സ് സാംചെസ് പ്രത്യാശ പ്രകടിപ്പിച്ചു.

Comments


Page 1 of 0