// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  15, 2019   Tuesday   12:41:57pm

news



whatsapp

ദോഹ: രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറബി നിർബന്ധ പാഠ്യ വിഷയമാക്കിക്കൊണ്ടുള്ള നിയമത്തിന് (2019/ 7) ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അംഗീകാരം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അറബി ഭാഷ സംരക്ഷണം ലക്ഷ്യം വെച്ച് 2016 ഫെബ്രുവരിയിൽ മന്ത്രിസഭ പാസാക്കിയ കരട് നിയമത്തിലെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടുള്ളതാണ് പുതിയ നിയമം. പുതിയ നിയമത്തിലെ അഞ്ചാമത്തെ വകുപ്പിൽ ഇങ്ങിനെ പറയുന്നു: ''രാജ്യത്തെ മുഴുവൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അറബി ഭാഷ സ്വതന്ത്ര അടിസ്ഥാന നിർബന്ധിത വിഷയമായി ഉൾപ്പെടുത്തി പഠിപ്പിക്കണം.''

''മന്ത്രാലയങ്ങൾ, ഔദ്യോഗിക സ്ഥാപനങ്ങൾ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ എന്നിവയുടെ നിർദേശങ്ങൾ, ഡോക്യുമെന്റുകൾ, കരാറുകൾ, ഇടപാടുകൾ, എഴുത്തു കുത്തുകൾ, പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ എന്നിവക്കെല്ലാം അറബി ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത്,'' എന്നായിരുന്നു മന്ത്രിസഭ പാസാക്കിയ കരട് നിയമം. പ്രസ്തുത നിയമത്തിന് വ്യക്തത വരുത്തിക്കൊണ്ടാണ് ഇന്നലെ ഖത്തർ അമീർ പുതിയ അറബി ഭാഷ സംരക്ഷണ നിയമത്തിൽ ഒപ്പുവെച്ചത്.

കൂടാതെ രാജ്യത്തെ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതു താല്പര്യാർത്ഥം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ, ഖത്തർ ബജറ്റ് തുക ലഭിക്കുന്ന സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ എല്ലാ പരിപാടികളിലും ഇനി മുതൽ അറബി ഉപയോഗിക്കണം. തങ്ങളുടെ യോഗങ്ങളിലും, ചർച്ചകളിലും, തീരുമാനങ്ങളിലും, വ്യവസ്ഥകളിലും നിർദേശങ്ങളിലും, രേഖകളിലും, കരാറുകളിലും, ആശയ വിനിമയങ്ങളിലും അടയാളങ്ങളിലും അറബിയാണ് ഉപയോഗിക്കേണ്ടത് എന്ന് നിയമം അനുശാസിക്കുന്നു.

അതേസമയം അറബി നിർബന്ധ പാഠ്യ വിഷയമാക്കിക്കൊണ്ടുള്ള നിയമം എന്ന് മുതല്‍ നടപ്പിലാക്കും തുടങ്ങിയ വിശദാംശങ്ങള്‍ പുറത്തു വരേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കേണ്ടത്. ഖത്തറില്‍ എല്ലാ സ്വകാര്യ സ്കൂളുകളിലും ഇപ്പോള്‍ ഖത്തര്‍ ചരിത്ര പഠനം നിര്‍ബന്ധമാണ്‌. യു. എ. ഇ പോലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ സ്‌കൂളുകളില്‍ അടക്കം എല്ലാ സ്‌കൂളുകളിലും അറബി ഭാഷ പഠനം ഇപ്പോള്‍ നിര്‍ബന്ധമാണ്‌.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

Comments


Page 1 of 0