// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  14, 2019   Monday   01:37:53pm

news



whatsapp

ദോഹ: അടുത്ത അധ്യയന വർഷം സ്വകാര്യ സ്‌കൂളുകളിൽ രണ്ട് ഷിഫ്റ്റ് ക്ളാസുകൾ നടപ്പിലാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നതായി സ്വകാര്യ സ്‌കൂൾ ലൈസൻസിങ് വിഭാഗം മേധാവി ഹമദ് അൽ ഗാലി പറഞ്ഞു.

''വിവിധ രാജ്യങ്ങളുടെ കീഴിലുള്ള സ്വകാര്യ സ്‌കൂളുകളിലാണ് മോണിങ് ഷിഫ്റ്റും ഈവനിംഗ് ഷിഫ്റ്റും ക്ളാസുകൾ നടപ്പിലാക്കാൻ മന്ത്രാലയം ആലോചിക്കുന്നത്. വിദേശികൾ നടത്തുന്ന സ്വകാര്യ സ്‌കൂളുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പല സ്‌കൂളുകളിലും ആ രാജ്യക്കാർക്ക് പോലും സീറ്റുകൾ ലഭിക്കാത്ത അവസ്ഥയാണ്," ഹമദ് അൽ ഗാലി പറഞ്ഞു.

എന്നാൽ ഈവനിംഗ് ഷിഫ്റ്റിൽ ചേരുന്ന വിദ്യാർത്ഥികളുടെ ഫീസ് ഘടനയെ കുറിച്ച കണിശമായ നിബന്ധനകൾ സ്‌കൂളുകൾ പാലിക്കേണ്ടി വരും. ഇവരില്‍ നിന്നും ഈടാക്കുന്ന ഫീസ് മോർണിംഗ് ഷിഫ്റ്റിലെ ഫീസിനോട് തുല്യമായതോ അല്ലെങ്കിൽ അതിനേക്കാൾ കുറഞ്ഞതോ ആയിരിക്കണം. ഓഫീസ് ജോലിക്കാര്‍ രണ്ട് ഷിഫ്റ്റിനും ഒന്ന് തന്നെ അനുവദിക്കും. എന്നാൽ ഈവനിംഗ് ഷിഫ്റ്റിലേക്കായി പുതിയ 50 ശതമാനം അധ്യാപകരെ നിയമിക്കണം എന്നും വ്യവസ്ഥ ചെയ്യും. ഈവനിംഗ് ഷിഫ്റ്റ് ക്ലാസുകളുടെ സിലബസും ടൈമ് ടേബിളും മന്ത്രലയത്തിൽ സമർപ്പിക്കുകയും അംഗീകാരം വാങ്ങുകയും വേണം.

രണ്ട് ഷിഫ്റ്റിലെയും സിലബസ്, അധ്യയന ദിനങ്ങൾ എന്നിവ അംഗീകൃതമാണെന്ന് ഉറപ്പ് വരുത്താനാണ് മേൽ നടപടി. വിവിധ പാഠ്യ പദ്ധതികൾ ഉള്ള 87 ചെറുതും വലുതുമായ സ്‌കൂളുകൾ രാജ്യത്ത് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 2019 -2020 അധ്യയന വർഷത്തിൽ പുതിയ സ്‌കൂളുകൾ തുടങ്ങാന്‍ 57 അപേക്ഷകൾ മന്ത്രലയത്തിന് ലഭിച്ചു കഴിഞ്ഞു. അപേക്ഷകളിൽ വിശദമായ പഠനം നടത്തി അടുത്ത ജൂണോടു കൂടി തീരുമാനം എടുക്കും, ഹമദ് അൽ ഗാലി പറഞ്ഞു.

''സ്വകാര്യ സ്‌കൂളുകളുടെ ഫീസുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ മന്ത്രാലയം കർശനമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. ലൈസൻസിങ് മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന കടുത്ത നിബന്ധകനകൾക്ക് വിധേയമായി മാത്രമേ ഫീസ് വർധന അനുവദിക്കുകയുള്ളൂ. വിദ്യാഭ്യാസ മന്ത്രിയുടെ പരിഗണനക്ക് ഈ അപേക്ഷകൾ എത്തുന്നതിനു മുൻപ് നാല് പ്രധാന വകുപ്പുകൾ ഇവ വിശദമായി പഠിക്കും. ഫീസ് അടച്ചില്ല എന്നതിന്റെ പേരിൽ ഒരു കുട്ടിയെയും അധ്യയന വർഷത്തിനിടയിൽ പുറത്താക്കാൻ ഒരു സ്‌കൂളിനും അധികാരമില്ല. കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ മന്ത്രാലയം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല''. ഹമദ് അൽ ഗാലി കൂട്ടിച്ചേർത്തു.

Comments


Page 1 of 0