// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
October  18, 2018   Thursday   02:36:24pm

news



whatsapp

ദോഹ: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് പൊതു ജനങ്ങൾക്ക് 5,871 സൗജന്യ ലിപിഡ് പ്രൊഫൈൽ പരിശോധന നൽകി ആസ്റ്റർ പുതിയ ചരിത്രം കുറിച്ചു. ഇന്ത്യയിലേയും ഗൾഫ് മേഖലയിലേയും ആരോഗ്യ സംരക്ഷണ രംഗത്തെ അതികായകരായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ആസ്റ്റർ വളണ്ടിയർ എന്ന സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് സൗജന്യ പരിശോധന നടത്തിയത്.

ഖത്തറിലെ അൽ ഹിലാൽ, സി റിങ് റോഡ്, അൽ റയ്യാൻ, ഇൻഡസ്‌ട്രിയൽ ഏരിയ, അൽ ഖോർ, ഓൾഡ് അൽ ഗാനിം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആസ്റ്റർ മെഡിക്കൽ സെന്ററുകളിലും ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിലും വെച്ചാണ് സൗജന്യ പരിശോധന സംഘടിപ്പിച്ചത്. ആസ്റ്റർ മെഡിക്കൽ സെന്ററുകളിലേയും ഹോസ്പിറ്റലിലെയും ജീവനക്കാർക്കൊപ്പം ഖത്തറിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയ അറുപതിലധികം ആളുകളും വളണ്ടിയർമാരായി പരിശോധനകൾക്ക് നേതൃത്വം നൽകി.

ലോകവ്യാപകമായി എല്ലാ വർഷവും 17.5 മില്യൺ ആളുകളുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോഗങ്ങളുടെ അപകടവശങ്ങളെ കുറിച്ച് ആളുകളെ ബോധവൽകരിക്കുന്നതിന് വേണ്ടിയും ആവശ്യമായ അസുഖങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ 29ന് ലോക ഹൃദയദിനമായി ആചരിക്കുന്നത്.

ഹൃദയാരോഗ്യസംരക്ഷണത്തിന് പ്രധാനമായ ടോട്ടൽ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്‌സ്, എച്ച്ഡിഎൽ, എൽഡിഎൽ തുടങ്ങീ പരിശോധകളാണ് ലിപിഡ് പ്രൊഫൈലിൽ അടങ്ങിയിരിക്കുന്നത്.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ ആസ്റ്റർ വളണ്ടിയറിന്റെ ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്ക് അഞ്ച് മണിക്കൂറിനുള്ളിൽ 5,871 സൗജന്യ ലിപിഡ് പ്രൊഫൈൽ പരിശോധന ലഭ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്ററിന്റെ ഖത്തറിലെ ചീഫ് എക്സിക്കുട്ടീവ് ഓഫിസറായ ഡോ. സമീർ മൂപ്പൻ പറഞ്ഞു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആസ്റ്റർ വളണ്ടിയർ. ഇതിലൂടെ സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ളവർക്കും മെച്ചപ്പെട്ട ചികിത്സയും സഹായവും ലഭ്യമാക്കുവാനാണ് ആസ്റ്റർ ലക്ഷ്യമിടുന്നതെന്നും സൗജന്യ ലിപിഡ് പ്രൊഫൈൽ പരിശോധനയുടെ മേൽനോട്ടത്തിനായി ആസ്റ്ററിലെ ജീവനക്കാരെ കൂടാതെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അറുപതിലധികം ആളുകൾ വളണ്ടിയർമാരായി പങ്കെടുത്തതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം മരണപ്പെടുന്നവരുടെ എണ്ണം വളരെ അധികമാണെന്നും ലോകത്തിലെ ആകെ മരണത്തിന്റെ മൂന്നിൽ ഒരു ഭാഗവും ഇതുകാരണമാണെന്നും ഹിലാൽ ആസ്റ്റർ മെഡിക്കൽ സെന്ററിലെ കാർഡിയോളജിസ്റ്, പ്രൊഫ. ഡോ. രവീന്ദ്രൻ പറഞ്ഞു.

അനിയയന്ത്രിതമായ കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രെഷർ എന്നിവ ഹൃദ്രോഗങ്ങളുടെ പ്രധാന കാരണമാണ്. അനാരോഗ്യപരമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറക്കുക, കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുക, പുകവലി മദ്യപാനം എന്നീ ദുശ്ശീലങ്ങൾ ഒഴിവാക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നിവ വഴി 80% ഹൃദ്രോഗങ്ങളുടെ വെല്ലുവിളികളേയും അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് 2017 ലാണ് ആസ്റ്റർ വളണ്ടിയർ എന്ന സാമൂഹിക പ്രതിബദ്ധത പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഒൻപത് രാജ്യങ്ങളിൽ നിന്നായി 8,600 ലധികം ആളുകൾ ഈ പദ്ധതിക്ക് കീഴിൽ വളണ്ടിയർ ആയി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌

Comments


Page 1 of 0