ഈയുഗം ന്യൂസ് ബ്യൂറോ
June  25, 2018   Monday   02:15:15pm

newswhatsapp

ദോഹ: ജോലി സമയം തീരുന്നതിന് മുമ്പേ ഉച്ചഭക്ഷണം കഴിക്കാൻ ഓഫീസിൽ നിന്ന് സ്ഥിരമായി പുറത്തു പോയിരുന്ന ഒരു ജാപ്പനീസ് ഉദ്യോഗസ്ഥന് താക്കീതും പിഴയും നല്കിയത് വാര്‍ത്തയായി. പക്ഷെ മദ്ധ്യാഹ്നഭക്ഷണവേള തുടങ്ങുന്നതിന് വെറും മൂന്നു മിനിറ്റ് മുമ്പ് മാത്രമാണ്‌ അദ്ദേഹം പോയിരുന്നത് എന്നത് വലിയൊരു സംവാദത്തിനും കാരണമായി.

ജപ്പാനിലെ പടിഞ്ഞാറൻ നഗരമായ കോബിയിലെ ജലവിതരണ വകുപ്പിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ ഏഴ് മാസത്തിനിടയിൽ 26 തവണയാണ് ഉച്ചഭക്ഷണത്തിനു ഇപ്രകാരം പോയിക്കൊണ്ടിരുന്നതെന്ന് ഒരു വക്താവ് പറഞ്ഞു.

ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെയാണ് ഭക്ഷണ സമയം. “പക്ഷെ 12 ആവുന്നതിന് മൂന്നു മിനിറ്റ് മുമ്പ് ഉദ്യോഗസ്ഥൻ ജോലിസ്ഥലത്തു നിന്ന് ഇറങ്ങും," വക്താവ് അറിയിച്ചു. അതിന് പകുതി ദിവസത്തേക്കുള്ള ശമ്പളമാണ്‌ 64-കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് പിഴയായി വകുപ്പ് ഈടാക്കിയത്. ഉദ്യോഗസ്ഥർ അവരുടെ തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മദ്ധ്യാഹ്നഭക്ഷണവേളക്ക് മുമ്പേ ജോലി നിര്‍ത്തിപോവുന്നത് പൊതുസേവന നിയമത്തിന്റെ ലംഘനമാണെന്നും ജലവിതരണ വകുപ്പ് അവകാശപ്പെട്ടു.

പക്ഷെ ജാപ്പനീസ് സോഷ്യൽ മീഡിയയിൽ ഈ വാര്‍ത്ത ആവേശം നിറച്ച സംവാദത്തിന് വഴിയൊരുക്കി. "ഇത് ശുദ്ധ ഭ്രാന്താണ്. അപ്പോൾ ഒരു സിഗരറ്റ് വലിക്കാൻ പോവുമ്പോഴോ?" ഒരു ട്വിറ്റർ സന്ദേശം ചോദിച്ചു. "ഇത് ഒരു തറ തമാശയാണോ? ഇതിനർത്ഥം ഇനി ഉദ്യോഗസ്ഥർക്ക് ബാത്ത്റൂമിലേക്കും പോകാൻ പാടില്ല എന്നതാണോ?” മറ്റൊരാളുടെ സംശയം അതായിരുന്നു.

Comments


Page 1 of 0