ഈയുഗം ന്യൂസ് ബ്യൂറോ
June 05, 2018 Tuesday 10:39:46pm
ചിക്കാഗോ: പുതിയ ചികിത്സാ രീതിയിലൂടെ സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാൽ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് കീമോതെറാപ്പി ഒഴിവാക്കാൻ സാധിക്കുമെന്ന് ഒരു പഠനം പറയുന്നു. യു.എസിൽ 123,000-ത്തിലധികം സ്ത്രീകള്‍ക്കും, യു.കെയിൽ 23,000 സ്ത്രീകള്‍ക്കും വർഷം തോറും സ്തനാർബുദം ബാധിക്കുന്നതതായി കണ്ടെത്തിയിട്ടുണ്ട്. പുതിയ ചികിത്സാ രീതി പിന്തുടരുകയാണെങ്കിൽ, അവരില്‍ കുറച്ച് പേര്‍ക്കെ കീമോതെറാപ്പി വേണ്ടിവരികയുള്ളൂ.
ആയിരക്കണക്കിന് സ്ത്രീകൾക്ക് കീമോതെറാപ്പിയും അതിന്റെ പാർശ്വഫലങ്ങളും ഇതുവഴി ഒഴിവാക്കാൻ കഴിയുമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കൽ സ്കൂളിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഹരോൾഡ് ബർസ്റ്റൈൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാൻസർ ആണ് സ്തനാർബുദം. രോഗം പിടിപെട്ട മിക്ക സ്ത്രീകൾക്കും കീമോതെറാപ്പി, എൻഡോക്രൈൻ തെറാപ്പി എന്നിവയാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. കീമോതെറാപ്പി ചെറുപ്പക്കാരികൾക്ക് പ്രത്യേകിച്ചും ഫലപ്രദവുമാണ്.
പക്ഷെ കീമോതെറാപ്പി മിക്കവര്‍ക്കും ഛർദ്ദി, മുടി കൊഴിച്ചില്‍, ക്ഷീണം എന്നിവ ഉണ്ടാക്കും. ചിലര്‍ക്ക് രക്താർബുദത്തിന് പോലും ഇത് കാരണമാവാറുണ്ട്. പുതിയ ചികിത്സാ രീതിയിൽ ഗവേഷകർക്ക് ജനിതകപരിശോധന വഴി വീണ്ടും കാൻസർ ഉണ്ടാകാൻ സാധ്യതയുള്ള സ്ത്രീകളെ വേർതിരിച്ചെടുക്കാൻ കഴിയും. ആയിരക്കണക്കിന് പേരെ ഇതുവഴി കീമോതെറാപ്പിയിൽനിന്ന് ഒഴിവാക്കാനാവും.
ചിക്കാഗോയിലെ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വാർഷിക യോഗത്തിലാണ് ഈ പുതിയ പഠനം അവതരിപ്പിച്ചത്.